തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് ഒളിമ്പ്യന്‍ ബോബി അലോഷ്യസ് രാജി വച്ചു. വരാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കൗണ്‍സിലിന്റെ തലപ്പത്തുണ്ടായ അഭിപ്രായ ഭിന്നതയാണ് ബോബിയുടെ രാജിയില്‍ കലാശിച്ചത്.
കൗണ്‍സിലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള രാജിക്കത്താണ് ബോബി നല്‍കിയത്. ദേശീയ ഗെയിംസ് നടത്തിപ്പ് കമ്മിറ്റിയില്‍ ബോബിയെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ രണ്ടുതവണ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഇക്കാര്യം അനുസരിച്ചില്ല. 2011 ഓഗസ്റ്റ് ഒമ്പതിന് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചെങ്കിലും അന്നുമുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും തന്നോട് പല കാര്യങ്ങളും ആലോചിക്കാറില്ലെന്നും ബോബി ആരോപിച്ചു.
രേഖാമൂലം നല്കിയ കാര്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടുവെന്നും ബോബി രാജിക്കത്തില്‍ പറയുന്നു. ഇവിടെ തന്റെ സമയവും അധ്വാനവും പാഴാക്കാനില്ലെന്നും തിരികെ കസ്റ്റംസിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ബോബി ആവശ്യപ്പെടുന്നു. എന്നാല്‍ ബോബിക്ക് രാജി വയ്ക്കാന്‍ കഴിയില്ലെന്നാണ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്. ജര്‍മനിയില്‍ പരിശീലനത്തിനു പോകാന്‍ 20 ലക്ഷം രൂപ നല്കിയപ്പോള് ബോബി കരാറില്‍ ഒപ്പിട്ടിരുന്നെന്നും കരാര്‍ കലാവധി പൂര്‍ത്തിയാകാതെ രാജിവയ്ക്കാനാകില്ലെന്നും പത്മിനി തോമസ് പറഞ്ഞു.
















