മോസ്കോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ കന്നി സ്വര്‍ണം കെനിയയുടെ അക്കൗണ്ടില്‍. വനിതകളുടെ മാരത്തണില്‍ സൂപ്പര്‍ താരം എഡ്ന കിപ്ലഗത് കിരീടം നിലനിര്‍ത്തി. രണ്ടു മണിക്കൂര്‍ 25 മിനിറ്റ് 44 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കിപ്ലഗ് സ്വര്‍ണമണിഞ്ഞത്. മാരത്തണില്‍ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതകൂടിയാണ് കിപ്ലഗത്. ഇറ്റലിയുടെ വലേറിയോ സ്ട്രാനിയൊ (2:25.58 സെക്കന്റ്) വെള്ളിയും ജപ്പാന്റെ കയോക്കൊ ഫുക്കുഷി (2:27.45) വെങ്കലും നേടി.
പുരുഷന്‍മാരുടെ 10000 മീറ്ററില്‍ ബ്രിട്ടീഷ് സ്റ്റാര്‍ മുഹമ്മദ് ഫറ (27:21.71 സെക്കന്റ്) സ്വര്‍ണം നേടി. എതോപ്യയുടെ ഇബ്രാഹിം ജെലാന്‍ (27:22.23) കെനിയയുടെ പോള്‍ തനുയ് (27:22. 61)എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി
ലണ്ടന്‍ ഒളിംപിക്സില്‍ 20-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കിപ്ലഗതിന്റെ ശക്തമായ തിരച്ചുവരവാണ് മോസ്കോയില്‍ കണ്ടത്. മത്സരാരംഭത്തില്‍ ഊര്‍ജം ശേഖരിക്കുന്നതില്‍ ശ്രദ്ധിച്ച കിപ്ലഗത് അവസാന കിലോ മീറ്ററുകളില്‍ എതിരാളികളെ പിന്തള്ളുകയായിരുന്നു. സ്വന്തം നാട്ടുകാരിയായ വാലന്റൈന്‍ കിപ്കെറ്ററും സ്ട്രാനിയോയുമൊക്കെയായിരുന്നു മുന്നില്‍. എന്നാല്‍ ഫിനിഷ് ലൈനിന് രണ്ട് കിലോമീറ്റര്‍ അകലെവെച്ച് കിപ് കെറ്റര്‍ അടക്കമുള്ളവരെ വകഞ്ഞുമാറി കിപ്ലഗത് സ്വര്‍ണത്തിലേക്ക് കുതിച്ചു. വനിതകളുടെ 3000 മീറ്ററില്‍ ഇന്ത്യയുടെ സുധാ സിങ്ങിന് ഹീറ്റ്സില്‍ (9 :51. 05 സെക്കന്റ്) പുറത്തായി. 12-ാ മതായാണ് സുധ ഫിനിഷ് ചെയ്തത്.
















