നെടുമ്പാശ്ശേരി: അടുത്ത ലക്ഷ്യം എവറസ്റ്റാണെന്ന് ജോബി. അത് കീഴടക്കുകതന്നെ ചെയ്യുമെന്ന് കായികവേദിയുടെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേഡിയത്തില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ നേടിയ അഞ്ച് സ്വര്‍ണമെഡലുകളുടെ തിളക്കത്തില്‍ ഇവിടെയെത്തിയ ജോബി മാത്യു പറഞ്ഞു. ശാരീരിക വൈകല്യം ഈ ദൃഢനിശ്ചയത്തിന് തടസമാകില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഹോളണ്ട് ലോക ഗെയിംസ് അടുത്ത ലക്ഷ്യമാണ്. ഹോളിഹുഡിലേക്കുള്ള പാക്കേജ് നിര്‍ദ്ദേശങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും ജോബി പറഞ്ഞു. ബാഡ്മിന്റണ്‍ സിംഗിള്‍സ്, ഡബിള്‍സ്, ജാവലിന്‍ത്രോ, ഡിസ്ക്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിലാണ് ജോബിക്ക് സ്വര്‍ണം കിട്ടിയത്. വെള്ളി, വെങ്കല മെഡലുകള്‍ നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി സി.എസ്.ബിജു, മലപ്പുറം മേലാറ്റൂര്‍ സ്വദേശി ആകാശ് എസ്.മാധവന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ 9.20ന് എയര്‍ഇന്ത്യയുടെ എഐ 0467 വിമാനത്തിലാണ് മൂവരും ദല്‍ഹിയില്‍നിന്നും കൊച്ചിയില്‍ വന്നിറങ്ങിയത്. വിമാനത്താവളത്തില്‍ ഇവര്‍ക്ക് ആവേശകരമായ സ്വീകരണം നല്കി. അന്‍വര്‍സാദത്ത് എംഎല്‍എ, ഫാ. മാത്യു കിരിയാന്തന്‍, ആലുവ മുനിസിപ്പല്‍ ചെയര്മാന് എം.ടി.ജേക്കബ്, ഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, ജോബിയുടെ ഭാര്യ മേഘ എസ്.പിള്ള, അമ്മ അമ്മിണി മാത്യു, സഹോദരി സിസ്റ്റര്‍ സ്മിത മരിയ, മകന് ജ്യോതിസ്, ബാബു കരിയാട് എന്നിവര്‍ സ്വീകരിക്കാനുണ്ടായിരുന്നു.
















