മോണ്ട്രിയല്: റോജേഴ്സ് കാപ്പില്‍ റാഫേല്‍ നദാലിന് കിരീടം. ഫൈനലില്‍ കാനഡയുടെ മിലോസ് റോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് സ്പാനിഷ് താരം ചാമ്പ്യനായത്. സ്കോര്‍: 6-2, 6-2. അമ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ടൂര്‍ണമെന്റില്‍ കിരീടം നേടാനുള്ള ഒരു കനേഡിയന്‍ താരത്തിന്റെ ശ്രമമാണ് നദാലിന്റെ മുമ്പില്പാഴായത്. റോബര്‍ട്ട് ബെഡാര്ഡായിരുന്നു ഇതിന് മുമ്പ് റോജേഴ്സ് കപ്പ് നേടിയ കനേഡിയന്‍ താരം. 2013ലെ എട്ടാമത്തെ കിരീടമാണ് ഈ വിജയത്തിലൂടെ നദാല്‍ സ്വന്തമാക്കിയത്. പരിക്കില്‍നിന്ന് മോചിതനായി ഫെബ്രുവരിയില്‍ തിരിച്ചെത്തിയശേഷം നടന്ന 51 മത്സരങ്ങളില്‍ 48ലും വിജയം നേടി നദാല്‍ മികവ് പുലര്‍ത്തിയിരുന്നു. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടവും ഈ കാലയളവിലായിരുന്നു.
ഇരു സെറ്റുകളിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ റോനിക്കിന് കഴിയാതെ പോയത് കാര്യങ്ങള്‍ നദാലിന് എളുപ്പമാക്കുകയായിരുന്നു. റോണിക്കിന്റെ കൂടുതല്‍ പിഴവുകള്‍ തന്നെ സഹായിച്ചതായി മത്സരശേഷം നദാല്‍ പറഞ്ഞു. മികന്ന സേര്വുകളും നദാലിന് കരുത്ത് നല്കി. സെമിയില്‍ സെര്‍ബ് താരം നൊവാക് ഡോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്.
















