ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചും രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാലും ഏറ്റുമുട്ടും. ഡോകോവിച്ച് ഒമ്പതാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയെയും നദാല്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റിനെയും തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്.
അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ ഡോകോവിച്ച് ഫൈനലിലെത്തിയത്. സ്കോര്‍: 2-6, 7-6 (7-4), 3-6, 6-3, 6-4. നാല് മണിക്കൂറും 9 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡോകോവിച്ച് വാവ്‌റിങ്കയുടെ വെല്ലുവിളി മറികടന്നത്. ആദ്യ മൂന്നുസെറ്റുകളില്‍ രണ്ടെണ്ണം സ്വന്തമാക്കി ജോക്കോവിച്ചിന് വന്‍ വെലുവിളിയാണ് കന്നി ഗ്രാന്റ്സ്ലാം സെമി കളിച്ച വാവ്‌റിങ്ക ഉയര്‍ത്തിയത്. ഡോകോവിച്ചിന്റെ തുടര്‍ച്ചയായ നാലാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്. 2010-ല്‍ റാഫേല്‍ നദാലിനോട് പരാജയപ്പെട്ട ഡോകോവിച്ച് 2011-ല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് കന്നി യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ബ്രിട്ടന്റെ ആന്‍ഡി മുറെയോടായിരുന്നു ഡോകോവിച്ച് പരാജയപ്പെട്ടത്.
മറ്റൊരു സെമിയില്‍ റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്കറ്റിനെ തകര്‍ത്തത്. സ്കോര്‍: 6-4, 7-6 (7-1), 6-2. രണ്ട് മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് ഗാസ്കറ്റിന് നദാലിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താനായത്.
ഇന്ന് നടക്കുന്ന വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസും രണ്ടാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസരങ്കയും ഏറ്റുമുട്ടും.
















