ന്യൂദല്‍ഹി: മലയാളി വോളിബോള്‍ താരം ടോംജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കേണ്ടെന്ന് അവാര്‍ഡു നിര്‍ണ്ണയ സമിതി അന്തിമ തീരുമാനമെടുത്തു. അവാര്‍ഡു നിര്‍ണ്ണയ സമിതി കായികമന്ത്രാലയത്തിനു സമര്‍പ്പിച്ച ലിസ്റ്റില്‍ ഭേദഗതികള്‍ വരുത്തേണ്ടെന്നാണ് ഇന്നലെ വൈകിട്ട് ചെയര്‍മാന്‍ മൈക്കല്‍ ഫെരേരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ. കേന്ദ്രകായികമന്ത്രാലയത്തെ അറിയിച്ച അവാര്‍ഡു നിര്‍ണ്ണയ സമിതിയുടെ തീരുമാനം കായികമന്ത്രി അംഗീകരിച്ചു.
രാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയ തന്നെ അപമാനിച്ചുവെന്ന് പ്രതികരിച്ച ടേം ജോസഫ് ഇനി അവാര്‍ഡിന് അപേക്ഷിക്കില്ലെന്നു പ്രതികരിച്ചു. ഇത് ഒമ്പതാം തവണയാണ് അദ്ദേഹത്തെ തഴയുന്നത്.
അര്‍ജ്ജുന,ഖേല്‍രത്ന അവാര്‍ഡു പട്ടിക പുനപരിശോധിക്കേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെ ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്കു ഖേല്‍രത്നയും മലയാളി ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത് മഹേശ്വരിക്കടക്കം 15 പേര്‍ക്ക് അര്‍ജ്ജുന അവാര്‍ഡും ലഭിക്കും. ഖേല്‍രത്നയ്‌ക്ക് 7.5 ലക്ഷം രൂപയും അര്‍ജ്ജുന അവാര്‍ഡിന് 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഈ മാസം 31ന് അവാര്‍ഡുകള്‍ സമ്മാനിക്കും.
ടോം ജോസഫിന്റെ പ്രശ്നത്തിനു പുറമേ രഞ്ജന്‍ സോധിക്കു ഖേല്‍രത്ന നല്‍കുന്നതില്‍ കൃഷ്ണ പൂനിയയും രാജസ്ഥാനിലെ ജാട്ട് വിഭാഗവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവാര്‍ഡു പട്ടികയ്‌ക്കെതിരെ കൂടുതല്‍ പ്രതിഷേധക്കാരെത്തിയതോടെയാണ് പട്ടികയ്‌ക്കു മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലേക്ക് സമിതി എത്തിച്ചേര്‍ന്നത്.
ടോംജോസഫിന് അര്‍ജ്ജുന നല്‍കുന്ന കാര്യത്തില്‍ അവാര്‍ഡു സമിതിയെ കായികമന്ത്രി ജിതേന്ദ്രസിങ് ചുമതലപ്പെടുത്തിയിരുന്നതിനാല്‍ ടോം ജോസഫിനു വേണ്ടി ഇനി ഇടപടലുകളുണ്ടാകില്ലെന്ന് അവാര്‍ഡ് സമിതിയുടെ തീരുമാനത്തോടെ തന്നെ വ്യക്തമായിരുന്നു. ഇതോടെ തുടര്‍ച്ചയാ ഒന്‍പതു തവണ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടും ലഭിക്കാതിരിക്കുക എന്ന ദൗര്‍ഭാഗ്യം മാത്രം ടോംജോസഫിനു ബാക്കിയായി. ഇത്തവണ പക്ഷേ കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ രണ്ടാമതും വാക്കുപറഞ്ഞു പ്രതീക്ഷ നല്‍കിയതിന്റെ നിരാശയും ഉണ്ടെന്നുമാത്രം. സംസ്ഥാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്- ഇടതുപക്ഷ എംപിമാരുമെല്ലാം ടോം ജോസഫിനു വേണ്ടി രംഗത്തെത്തിയെങ്കിലും അതൊന്നും കായികരംഗത്തെ വടക്കേന്ത്യന്‍ ലോബിയെ പിടിച്ചുലച്ചില്ല. ഖേല്‍രത്ന പുരസ്ക്കാരത്തിനായി അവകാശവാദമുന്നയിച്ച കൃഷ്ണ പൂനിയയ്‌ക്കും നിരാശയായി ഫലം.
















