ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ആദ്യ ദിനം അമിത് കുമാര്‍ വെള്ളി നേടിയപ്പോള്‍ ഇന്നലെ ബജ്‌രംഗ് വെങ്കലം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. 60 കി.ഗ്രാം വിഭാഗത്തിലാണ് ബജ്‌രംഗ് വെങ്കലം കരസ്ഥമാക്കിയത്.
അതേസമയം ബജ്‌രംഗ് തന്റെ മെഡല്‍ ഉപദേശകന്‍ യോഗേശ്വര്‍ ദത്തിന് സമര്‍പ്പിച്ചു. തന്റെ ഭാവി കരുപിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതിന്റെ നന്ദിസൂചകമായാണ് ബജ്‌രംഗ് വെങ്കല മെഡല്‍ ഉപദേശകനായ യോഗേശ്വര്‍ ദത്തിന് സമര്‍പ്പിച്ചത്. ഒളിംപിക് മെഡല്‍ ജേതാവായ യോഗേശ്വര്‍ ബജ്‌രംഗിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
യോഗേശ്വറും താനും ക്യാമ്പിലെ റൂം എല്ലായ്‌പ്പോഴും പങ്കിട്ടിരുന്നു. യോഗേശ്വര്‍ പരിശീലകര്‍ക്കുപരി തനിക്ക് വലിയൊരു വഴികാട്ടിയാണ്. തന്റെ വീഴ്ചകള്‍ കണ്ടറിഞ്ഞ് ചൂണ്ടിക്കാട്ടി തന്നെ തിരുത്തുമായിരുന്നു. അതാണ് തന്നെ ഒരു മികച്ച ഗുസ്തിക്കാരനാക്കിയത്. ഈ മെഡലിന് വാസ്തവത്തില്‍ അര്‍ഹന്‍ അദ്ദേഹമാണ്. മത്സരം നടക്കുന്ന വേദിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും വലിയ സഹായകരമായിട്ടുണ്ട്. അദ്ദേഹത്തെ തന്റെ കുടുംബത്തിലെ ഒരംഗമായാണ് കരുതുന്നത്. അതുപോലെ യോഗേശ്വറും തന്നെ ഇളയ സഹോദരനായാണ് പരിഗണിക്കുന്നതെന്ന് ബുഡാപെസ്റ്റില്‍ നിന്നും ബജ്‌രംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാന്റെ ഹസ്സന്‍ ഫര്‍മാന്‍ റഹിമിയോട് 55 കിലോ വിഭാഗത്തില്‍ മത്സരിച്ച് 1-2ന് പരാജയപ്പെട്ട ഏഷ്യന്‍ ചാമ്പ്യന്‍ അമിത് കുമാര്‍ വെള്ളി സ്വന്തമാക്കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ അല്‍പ്പം തിരിച്ചടി നേരിട്ടെങ്കിലും ഹരിയാനക്കാരനായ ബജ്‌രംഗ് 60 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ന്യാം ഒചിര്‍ എങ്ക് സൈഖാനെ 9-2ന് പരാജയപ്പെടുത്തിയാണ് വെങ്കലം നേടിയത്.
ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനായില്ലെങ്കിലും വെറും കയ്യോടെ മടങ്ങേണ്ടി വന്നില്ലെന്നത് തന്നെ സന്തോഷിപ്പിക്കുന്നതായി ബജ്‌രംഗ് പറഞ്ഞു. ഈ ചാമ്പ്യന്‍ഷിപ്പില്‍ താനെത്തിയത് സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ്. അതിനായി താന്‍ കഠിനാധ്വാനം തന്നെ നടത്തി. എന്നാല്‍ തനിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത് തന്റെ രണ്ടാമത്തെ രാജ്യാന്തര ടൂര്‍ണമെന്റാണ്. ലോകത്തെ മികച്ച അനുഭവജ്ഞാനമുള്ളവരോട് തുടക്കത്തില്‍ തന്നെ മത്സരിക്കാന്‍ കഴിഞ്ഞതിന്റെ വിസ്മയവും അദ്ദേഹം പങ്കു വച്ചു.
ആദ്യ മത്സരത്തില്‍ ബജ്‌രംഗ് മാറ്റുരച്ചത് ലോക ആറാം നമ്പര്‍ താരം ബള്‍ഗേറിയയുടെ വ്ലാദിമിര്‍ ദുബോവിനോടായിരുന്നു. 20 കാരനായ ഇന്ത്യന്‍ താരം ഈ മത്സരത്തില്‍ 0-7ന് തോല്‍വി ഏറ്റുവാങ്ങി. വ്ലാദിമിര്‍ മികച്ച ഗുസ്തിക്കാരനാണ്. തുടക്കം മുതല്‍ക്കെ അദ്ദേഹം തനിക്ക് ജയിച്ച് കയറാന്‍ അല്‍പ്പം പോലും ഇടം തന്നില്ല. എന്നാല്‍ അദ്ദേഹവുമായി ഫൈനലില്‍ വീണ്ടും മത്സരിക്കാന്‍ സാധിച്ചേക്കുമെന്ന് കരുതി. പരിശീലകരും പകരം വീട്ടാന്‍ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യ റൗണ്ടില്‍ പരുക്കേറ്റ ജപ്പാന്‍ താരം ഷോഗോ മയീദയെ എളുപ്പത്തില്‍ ജയിക്കാന്‍ ബജ്‌രംഗിന് സാധിച്ചു. തുടര്‍ന്ന് റുമാനിയയുടെ ഇവാന്‍ ഗയീദിയെ 10-3ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് വെങ്കല മെഡലിലേക്ക് വഴി തുറന്നത്.
















