ലണ്ടന്‍: ജമൈക്കന്‍ അത്ലറ്റിക്സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിരമിക്കല്‍ പദ്ധതിയില്‍ മാറ്റംവരുത്തുന്നു. 2016 റിയോ ഒളിംപിക്സോടെ ട്രാക്ക് വിടുമെന്നായിരുന്നു ബോള്‍ട്ടിന്റെ പ്രഖ്യാപനം. എന്നാല്‍ ഒരുവര്‍ഷം കൂടി കരിയര്‍ ദീര്‍ഘിപ്പിക്കാനാണ് താരത്തിന്റെ ഇപ്പോഴത്തെ നീക്കം. അങ്ങനെയെങ്കില്‍ 2017 ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വരെ ബോള്‍ട്ട് ഓട്ടം തുടര്‍ന്നേക്കും.
വിരമിക്കല്‍ വാര്‍ത്തയോട് ആരാധകര്‍ നിരാശയോടെയാണ് പ്രതികരിച്ചത്. ഈ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും തീരുമാനത്തില്‍ മാറ്റംവരുത്താന്‍ ആലോചിക്കുന്നുണ്ട്. കരിയര്‍ നീട്ടുന്ന കാര്യം കോച്ചുമായി സംസാരിച്ചു. അതു സാധ്യമെന്നാണ് അദ്ദേഹം പറയുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കണമെന്നും അതിയായ മോഹമുണ്ട്. അടുത്തവര്‍ഷം അരങ്ങേറുന്ന ഗ്ലാസ്ഗോ ഗെയിംസിന്റെ ഭാഗമാകുന്ന കാര്യം കോച്ചിനോട് പറഞ്ഞുകഴിഞ്ഞു. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. എന്നിരുന്നാലും ഗെയിംസിനോടുള്ള എന്റെ ആഭിമുഖ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2020ലെ ടോക്കിയൊ ഒളിംപിക്സിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
















