ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന കായിക താരങ്ങള്‍ക്ക് അന്യമാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗലോബി ശ്രമിച്ചെന്നു വ്യക്തമായി. ഭാരത രത്നയ്ക്കു പരിഗണിക്കുന്ന മേഖലകളുടെ കൂട്ടത്തില്‍ സ്പോര്‍ട്സിനെ ഉള്‍പ്പെടുത്തുന്നതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു. മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കായിക താരങ്ങള്‍ക്ക് ഭാരത രത്ന ലഭിക്കാനുള്ള സാധ്യതകള്‍ എന്നെന്നേക്കുമായി അടയുമായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്നം നല്‍കണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്നുയര്‍ന്ന വേളയിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. കായിക രംഗത്തെ പരിഗണിച്ചാല്‍ വ്യാപാരം,വാണിജ്യം, സാമൂഹിക സേവനം തുടങ്ങിയവയടക്കം മറ്റനേകം മേഖലകളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമെന്ന് അവര്‍ വാദിച്ചു. കായിക രംഗത്തു നിന്നു നാമനിര്‍ദേശങ്ങളുടെ കുത്തൊഴുക്കുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തരുതെന്നും അവര്‍ നിര്‍ദേശിക്കുകയുണ്ടായി.
സച്ചിനുവേണ്ടിയാണ് കായിക മേഖലയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. തീര്‍ച്ചയായും ഭാരത രത്നയ്ക്ക് അദ്ദേഹം അര്‍ഹനാണ്. എന്നാല്‍ ഹോക്കിയില്‍ ധ്യാന്‍ചന്ദും ഷൂട്ടിങ്ങില്‍ ജസ്പാല്‍ റാണയും ചെസില്‍ വിശ്വനാഥന് ആനന്ദും അത്ലറ്റിക്സില് പി.ടി. ഉഷയുമൊക്കെ രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രേഖകള്‍ തെളിയിക്കുന്നു. പക്ഷേ ഈ വാദങ്ങളെ ഉദ്യോഗവൃന്ദത്തിന്റെ തലപ്പത്തുള്ളവരും ചിദംബരവും നിരാകരിച്ചു. ഏതൊരു മേഖലയിലെയും വിശിഷ്ടവും ഉന്നതവുമായ സേവനത്തിന് ചാര്‍ത്തിക്കൊടുക്കുന്ന കീര്‍ത്തി മുദ്രയാവണം ഭാരതരത്നമെന്നായിരുന്നു ചിദംബരമടക്കമുള്ളവരുടെ വീക്ഷണം. ആ നിലപാടിനെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അംഗീകരിച്ചു. ഇതോടെയാണ് കായികരംഗമുള്പ്പെടെയുള്ളവയില് മഹനീയ നേട്ടങ്ങള്‍ കൈവരിച്ചവരെയും ഭാരത രത്നക്കായി പരിഗണിക്കുന്ന നിയമഭേദഗതി സാധ്യമായത്.
















