ടോക്കിയൊ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. പുരുഷ വിഭാഗം സിംഗിള്‍സില്‍ അജയ് ജയറാമും കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായി. വനിതകളിലെ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു നേരത്തെതന്നെ പരാജയം രുചിച്ചിരുന്നു.
അഞ്ചാം സീഡ് വിയറ്റ്നാമിന്റെ ടൈന്‍ മിന്‍ നുയനാണ് അജയ് ജയറിമിന് മടക്കടിക്കറ്റ് നല്‍കിയത്, സ്കോര്‍: 21-18, 21-13. ആദ്യ ഗെയിമില്‍ അജയ് എതിരാളിക്ക് ഒപ്പം നിന്നു. എന്നാല്‍ നിര്‍ണായക നിമിഷങ്ങളിലെ സ്മാഷുകളിലൂടെ വിയറ്റ്നാം താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ നുയന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. നെറ്റിനരുകില്‍ അജയ് മികച്ച നിന്നെങ്കിലും കരുത്തുറ്റ സ്മാഷുകളിലൂടെ നുയന്‍ ജയം പിടിച്ചെടുത്തു. നുയനുമായുള്ള നാലു മുഖാമുഖങ്ങളില്‍ ഇതു മൂന്നാം തവണയാണ് അജയ് തോല്‍ക്കുന്നത്.
ശ്രീകാന്തിനെ ആതിഥേയരുടെ കെനിച്ച താഗോയും (21-18, 21-9) പ്രണോയിയെ ചൈനയുടെ ഹ്വാന്‍ ഗാവോയും പരാജയപ്പെടുത്തി (21-11, 20-22, 21-13). ഒരു മണിക്കൂറിലേറെ നീണ്ട അങ്കത്തിനുശേഷമാണ് പ്രണോയ് കീഴടങ്ങിയതെങ്കില്‍ ശ്രീകാന്തിനെ ജപ്പാനീസ് എതിരാളി 39 മിനിറ്റില്‍ കെട്ടുകെട്ടിച്ചു.
















