തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ അവാര്‍ഡിന് ബാഡ്മിന്റണ്‍ താരം വി.ദിജുവും അത്‌ലറ്റ് ടിന്റു ലൂക്കയും അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2010-11, 2011-12 കാലഘട്ടത്തില്‍ കായികമേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
2010ല്‍ ചൈനയിലെ ഗാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിനാണ് ടിന്റുവിനെ തിരഞ്ഞെടുത്തത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതിനാണ് വി.ദിജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്നാല്‍ വോളിബോള്‍ താരം ടോം ജോസഫിനെ കേരളവും തഴയുന്നതായാണ് കാണുന്നത്.
ജിവി രാജാ പുരസ്‌കാരത്തിനും ടോമിനെ പരിഗണിച്ചില്ല. നേരത്തെ അര്‍ജ്ജുന അവാര്‍ഡിനും ടോമിനെ പരിഗണിച്ചിരുന്നില്ല. ഇത് വിവാദമായി മാറിയിരുന്നു. കായിക മന്ത്രാലയത്തിന്റെ ഈ നടപടിയില്‍ നിരാശയുണ്ടെന്ന്് ടോം പ്രതികരിച്ചു. പതിനഞ്ചു വര്‍ഷമായി കായിക രംഗത്തുള്ള താന്‍ ഇതിനു യോഗ്യനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടോമിനെ പരിഗണിക്കുന്നതിനായി ഇന്നു റിവ്യൂ മീറ്റിംഗ് ചേര്‍ന്നിരുന്നെങ്കിലും പുരസ്‌കാരം നല്‍കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ടോമിന് കേരളത്തിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും ടോം ജോസഫ് കേരളത്തിന്റെ അഭിമാനമാണെന്നും ജിവി രാജ പുരസ്‌കരാവേളയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. അഞ്ച് വര്‍ഷമായി ജിവി രാജ പുരസ്‌കാരത്തിന് ടോം ജോസഫ് അപേക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഇത്തവണയും പരിഗണനാ പട്ടികയില്‍ ടോം ജോസഫിനെ ഉള്‍പ്പെടുത്തിയില്ല. ടോമിനെ പത്മശ്രീ പുരസ്‌കാരത്തിനായി സര്‍ക്കാര്‍ ഇത്തവണ നിര്‍ദേശിക്കുമെന്നും അതിനാല്‍ ജിവി രാജ പുരസ്‌കാരത്തിന് പരിഗണിക്കേണ്ടതില്ലെന്നും അവാര്‍ഡ് നിര്‍ണയ സമിതിയില്‍ അഭിപ്രായമുയര്‍ന്നു. പത്മിനി തോമസ്, എസ് രാജി, പത്രോസ് പി മത്തായി, ഡോ ടോണി ഡാനിയല്‍, ജോണ്‍ സാമുവല്‍, കെഎം ബീനമോള്‍, ബോബി അലോഷ്യസ് എന്നിവരടങ്ങിയ കമ്മറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
















