തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ക്കും കോച്ചുകള്‍ക്കും താമസിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തിരുവനന്തപുരത്തെ മേനംകുളത്ത് ആരംഭിച്ചു. ബിപിസിഎല്‍ പ്ലാന്റിനു സമീപം സിഡ്കോയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് നാഷണല്‍ ഗെയിംസ് സംഘാടക സമിതി ഗെയിംസ് വില്ലേജ് നിര്‍മ്മിക്കുന്നത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന, സമാപന വേദിയായ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഗെയിംസ് വില്ലേജ് ഉയരുന്നത്.
പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചു പഫ് പാനല്‍ കൊണ്ടാണ് വില്ലേജിന്റെ നിര്‍മാണം നടത്തുന്നത്. പൂര്‍ണമായും ശീതികരിച്ച 680 സ്ക്വയര്‍ഫീറ്റ് വരുന്ന 365 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഓരോ വീടിനും സിറ്റ്ഔട്ട്, ബാത്ത് റൂം സൗകര്യത്തോടുകൂടി മൂന്നു ബെഡ്റൂമുകള്‍ എന്നിവയാണ് ഉണ്ടാവുക. വീടുകള്‍ക്ക് പുറമെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭക്ഷണശാലകള്‍, പാര്‍ക്കിംഗ് സംവിധാനം, കായിക പരിശീലനത്തിനും വ്യായാമത്തിനുമുള്ള സെന്ററുകള്‍ എന്നിവയും വില്ലേജില്‍ ഉണ്ടാകും. ലാന്റ് സ്കേപിംഗ്, ഹൗസ് കീപ്പിംഗ്, ഖരമാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങള്‍, ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും, മതിയായ വൈദ്യുതി, ശുദ്ധജലവിതരണം എന്നിവയടക്കം ഒരേ സമയം 5,000 പേര്‍ക്കുള്ള സമഗ്രമായ താല്‍ക്കാലിക ആവാസ സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. മൊത്തം പദ്ധതിച്ചെലവ് 60 കോടി രൂപയാണ്.
ഹരിത ഗെയിംസ് എന്ന ആശയം മുന്‍നിര്‍ത്തി പരിസ്ഥിതി സൗഹൃദമായ പശ്ചാത്തലത്തില്‍ നിര്‍മ്മിതമാകുന്ന ഗെയിംസ് വില്ലേജ് പ്രകൃതിയോട് ഇണങ്ങിപോകുന്ന നിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. വളരെ വേഗം നിര്‍മ്മിക്കാന്‍ കഴിയുന്നതും പരിസ്ഥിതിക്ക് കോട്ടംതട്ടാതെ എവിടെയും പറിച്ചുനടാവുന്നതുമായ സവിശേഷ സാങ്കേതിക വിദ്യയാണ് പ്രീ ഫാബ്.
പ്രീഫാബ് സാങ്കേതികവിദ്യ പ്രകാരം ഇത്തരം ഒരു വീട് നിര്‍മ്മിക്കാന്‍ രണ്ടാഴ്ച മതി. ആദ്യ ഘട്ടത്തില്‍ ഇത്തരത്തിലുള്ള 25 വീടുകളുടെ നിര്‍മ്മാണം നവംബര്‍ 25 ന് പൂര്‍ത്തിയാകും. 2014 ജനുവരി അവസാനത്തോടെ എല്ലാ വീടുകളും യാഥാര്‍ത്ഥ്യമാകും. പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ കെട്ടിടങ്ങള്‍ ഗെയിംസിനുശേഷം പൊളിച്ചു മാറ്റി ഇതര സ്ഥലങ്ങളില്‍ പുന:സ്ഥാപിച്ച് വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇവയുടെ പുനരുപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ വകുപ്പുകളുമായി നടത്തിവരികയാണ്.
ഇന്നലെ രാവിലെ മേനംകുളം ബിപിസിഎല്‍ പ്ലാന്റിനു സമീപം നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ, വിവര സാങ്കേതിക വകുപ്പുമന്ത്രിയും ഗെയിംസ് വില്ലേജ് കമ്മിറ്റി അധ്യക്ഷനുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.
















