കൊച്ചി: അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാടിന്റെ സുവര്‍ണ്ണതാരം പി.യു. ചിത്രയുടെ വിജയഗാഥ തുടരുന്നു. രണ്ടാം ദിനം ചിത്ര റെക്കോര്‍ഡ് ഡബിള്‍ കൈക്കുമ്പിളിലാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പുതിയ വേഗം കുറിച്ചാണ് മുണ്ടൂര്‍ എച്ച്‌എസിന്റെ പ്രതിനിധി ചിത്ര ഇന്നലെ ഇരട്ട റെക്കോര്‍ഡ് സ്വര്‍ണം ഉറപ്പിച്ചത്. 17 മിനിറ്റ് 5.31 സെക്കന്റില്‍ ചിത്ര ഫിനിഷിങ് ലൈനിലേക്ക് പറന്നു കയറിയപ്പോള്‍ 2011-ല്‍ പാലക്കാടിന്റെ തന്നെ എം.ഡി. താര ഇതേ ട്രാക്കില്‍ സ്ഥാപിച്ച 17 മിനിറ്റ് 28.09 സെക്കന്റിന്റെ റെക്കോര്‍ഡ് തിരശീലയ്‌ക്കു പിന്നിലേക്ക് നീക്കപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് പറളി എച്ച്‌എസിന്റെ എം.വി. വര്‍ഷയെ ഒരു ലാപ്പോളം പിന്തള്ളിയായിരുന്നു ചിത്രയുടെ കുതിപ്പ്. ആദ്യ ദിവസം 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനവുമായി ചിത്ര സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. ഇതോടെ ഇത്തവണത്തെ മീറ്റിലെ ആദ്യ റെക്കോര്‍ഡ് ഡബിള്‍ എന്ന ബഹുമതിയും ചിത്രയ്‌ക്ക് കൈവന്നു.കഴിഞ്ഞ വര്‍ഷം നാല് സ്വര്‍ണ്ണം നേടി വ്യക്തിഗത ചാമ്പ്യനായ ചിത്ര ഇത്തവണയും അനുപമ നേട്ടങ്ങളിലേക്കാണെന്നതിന്റെ സൂചനകൂടിയായി 5000 മീറ്ററിന്റെ ഫൈനല്‍
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 3000, 1500, 4-400 മീറ്റര്‍ റിലേയിലും പിന്നീട് നടന്ന സാഫ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 3000, 1500 മീറ്ററിലും സ്വര്‍ണ്ണം ചിത്രക്ക് തന്നെയായിരുന്നു. യൂത്ത് നാഷണല്‍സില്‍ രണ്ട് സ്വര്‍ണ്ണവും ജൂനിയര്‍ നാഷണല്‍സില്‍ മൂന്ന് സ്വര്‍ണ്ണവും ചിത്ര ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. 2012-ല്‍ ഇറ്റാവയിലെ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാമതെത്തിയ ചിത്ര വ്യക്തിഗത ചാമ്പ്യനുള്ള യുപി സര്‍ക്കാരിന്റെ നാനോ കാറും സ്വന്തമാക്കിയിരുന്നു.
കൂടാതെ 2010-ലെ പൂനെ ദേശീയ സ്കൂള്‍ മീറ്റില്‍ മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും ചിത്ര സ്വന്തം പേരിലെഴുതി. എന്നാല്‍ 2011ലെ ലുധിയാന സ്കൂള്‍ മീറ്റില്‍ പരിക്കുകാരണം തിരിച്ചടി നേരിട്ട ചിത്രക്ക് ഒരു വെള്ളിമെഡല്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2010-ല്‍ ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് മൂന്ന് സ്വര്‍ണ്ണം കൊയ്ത ചരിത്രവും ചിത്രക്കുണ്ട്. കഴിഞ്ഞവര്‍ഷം ബാംഗ്ലൂര്‍ ദേശീയ മീറ്ററിലും ചിത്ര 3000 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ ജേത്രിയായിരുന്നു.
















