കൊച്ചി: മുപ്പത്തിയൊന്നാമത് മഹാത്മാഗാന്ധി സര്‍വകലാശാലാ അത്ലറ്റിക് മീറ്റില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജും പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സംയുക്തജേതാക്കളായ പാലാ അല്‍ഫോണ്‍സാ കോളേജിലെ 10 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കിരീടം ചൂടിയത്.
ആറ് സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 160 പോയിന്റ് നേടിയാണ് അസമ്പ്ഷന്‍ ജേതാക്കളായത്. 7 സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കലവുമടക്കം 150 പോയിന്റാണ് പാലാ അല്‍ഫോണ്‍സാ കോളേജ് സ്വന്തമാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് 9 സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 121 പോയിന്റ് കരസ്ഥമാക്കി മൂന്നാമതെത്തി.പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജിന് കിരീട പോരാട്ടത്തില്‍ കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല. 10 സ്വര്‍ണ്ണവും 9 വെള്ളിയും മുന്ന് വെങ്കലവുമടക്കം 145.5 പോയിന്റാണ് എംഎ കോളേജ് സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജാണ് രണ്ടാം സ്ഥാനത്ത്. 2 സ്വര്‍ണ്ണവും 6 വെള്ളിയും 8 വെങ്കലവുമടക്കം 94 പോയിന്റാണ് അവര്‍ നേടിയത്.
മൂന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസ് കോളേജ് അഞ്ച് സ്വര്‍ണ്ണവും 1 ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 74 പോയിന്റ് കരസ്ഥമാക്കി.
ഇന്നലെ മൂന്ന് റെക്കോര്‍ഡുകളും വനിതാ വിഭാഗത്തിലാണ്. ആദ്യദിനം വഴിമാറിയ നാലില്‍ മൂന്ന് റെക്കോഡും നേടി കരുത്തുകാട്ടിയ കോതമംഗലം എംഎ കോളേജ് താരങ്ങള്‍ അവസാനദിനവും വിട്ടില്ല; മൂന്നില്‍ രണ്ടെണ്ണവും അവര്‍ സ്വന്തമാക്കി. വനിതകളുടെ 200 മീറ്ററില്‍ എം.എ കോളേജിന്റെ അനില്‍ഡ തോമസ്, വനിതകളുടെ എണ്ണൂറ് മീറ്ററില്‍ സിന്‍ഷ. കെ, ട്രിപ്പിള്‍ജമ്പില്‍ എന്‍.വി. ഷീന എന്നിവരാണ് പുതിയ റെക്കോര്‍ഡിന് അവകാശികള്‍. പുരുഷ വിഭാഗത്തില്‍ അനുരൂപ് ജോണ്‍ സ്പ്രിന്റ് ഡബിള്‍ കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ അനില്ഡ് റെക്കോര്‍ഡ് ഡബിള്‍ സ്വന്തമാക്കി.
















