ന്യൂയോര്‍ക്ക്: വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണില്‍ കളിക്കാനുണ്ടാവും. കുറച്ചുനാളായി അലട്ടുന്ന വൈറസ് ബാധയില്‍ നിന്ന് സെറീന ഏറെക്കുറെ മോചിതയായെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ശരിയായതായി തോന്നുന്നു. കൊള്ളാം. എനിക്കേറെ സന്തോഷമുണ്ട്, സെറീന പറഞ്ഞു. ഓഗസ്റ്റ് 25നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്. വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലീസെ കോര്‍നെറ്റിനോട് തോറ്റ് സെറീന പുറത്തായിരുന്നു. വൈറസ് ബാധയാണ് സെറീനയ്‌ക്ക് വിനയായത്. സര്‍വ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ചേച്ചി വീനസുമൊത്തുള്ള ഡബിള്‍സ് പോരാട്ടത്തില്‍ നിന്നും സെറീന പിന്മാറിയിരുന്നു.
















