ഗ്ലാസ്ഗോ: ഷൂട്ടിങ് ലോഞ്ചില്‍ തുടങ്ങിയ മെഡല്‍ വേട്ട ഇന്ത്യ ഗോദയിലേക്ക് നീട്ടുന്നു. ഇന്നലെ മൂന്നു സ്വര്‍ണം ഗുസ്തിക്കാര്‍ രാജ്യത്തിന് കൊണ്ടുവന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമിത് കുമാറും 75 കിലോഗ്രാമില്‍ സുശില്‍ കുമാറും വനിതകളുടെ 48 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ വിനേഷും കനകം റാഞ്ചി. ഫൈനലില്‍ അമിത് കുമാര്‍ എബിക്ക് വെമിനോമോ വെല്സനെ 6-2ന് മലര്‍ത്തയടിച്ചു. വിനേഷ് ഇംഗ്ലണ്ടിന്റെ യാന റാറ്റിംഗനെ വാശിയേറിയ മല്ലയുദ്ധത്തില്‍ മറികടന്നു (11-8).
ഷൂട്ടിങ്ങില്‍ ഇന്ത്യ ഇന്നലെ നാല് മെഡലുകള്‍ കൂടി കൈപ്പിടിയില്‍ ഒതുക്കി. പുരുഷന്മാരുടെ റാപ്പിഡ് പിസ്റ്റളില്‍ ഹര്‍പ്രീത് സിംഗ് (വെള്ളി), ട്രാപ്പ് ഇനത്തില്‍ മാനവ്ജിത് സിംഗ് സന്ധു (വെങ്കലം), പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സഞ്ജീവ് രജപുത് (വെള്ളി), ഗഗന് നരാംഗ് (വെങ്കലം) എന്നിവര്‍ പിഴയ്ക്കാതെ വെടിയുതിര്‍ത്തു. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 33ആയി.
10 സ്വര്‍ണവും 14 വെള്ളിയും 9 വെങ്കലവും അക്കൗണ്ടില്‍ ചേര്‍ത്ത ഇന്ത്യയിപ്പോള്‍ 5-ാം സ്ഥാനത്ത്. 32 സ്വര്‍ണത്തോടെ ആസ്ട്രേലിയ പട്ടികയിലെ ഒന്നാമന്. ഇംഗ്ലണ്ട് (29), സ്കോട്ട്ലന്റ് (13) കാനഡ (10) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഗുസ്തിയില്‍ രാജീവ് തോമര്‍ ഫൈനലില്‍ എത്തിയതും ഇന്ത്യന്‍ ക്യാംപിലെ സന്തോഷവൃത്താന്തം. തോമറും വെള്ളി മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു.
അതേസമയം, പുരുഷ ഹോക്കിയിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യ കരുത്തരായ ആസ്ട്രേലിയയോട് തോറ്റു . പൂള് എയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യയ്ക്ക് അടിതെറ്റിയത്. തിങ്കളാഴ്ച ഷൂട്ടര്‍മാരായ ജിത്തു റായിയും ഗുര്‍പാല്‍ സിംഗും ഗഗന് നാരംഗും വെയ്റ്റ് ഇന്ത്യയ്ക്ക് മെഡല്‍ നേടിത്തന്നിരുന്നു.
50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിത്തു സ്വര്‍ണമണിഞ്ഞപ്പോള്‍ ഗുര്‍പാല്‍ സിംഗ് വെള്ളി ചൂടി. ഫൈനലില്‍ 194.1 പോയിന്റുകള്‍ വാരിയാണ് ജിത്തു ഒന്നാമനായത്. ഗുര്പാലിന് 187.2 പോയിന്റുകള്‍ ലഭിച്ചു. 50 മീറ്റര്‍ പ്രോണ്‍ ഇനത്തില്‍ നരാംഗിന്റെ വെള്ളിനേട്ടം. ഭാരദ്വേഹനം 85 കിലോഗ്രാം വിഭാഗത്തില്‍ വികാസ് താക്കൂറും വെള്ളി കഴുത്തിലണിഞ്ഞു. ആകെ 333 കിലോ ഉയര്‍ത്തിയാണ് വികാസ് മെഡല്‍ കൈയിലേന്തിയത്.
















