ചെന്നൈ: ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ഗ്ലെന്‍ മഗ്രാത്ത്. ഇപ്പോഴിതാ ആ ഓസീസ് പേസ് ഇതിഹാസം ഇന്ത്യയെ ഒരുകൈ സഹായിക്കാനെത്തുന്നു. ഇന്ത്യയിലെ യുവ പേസ് ബൗളര്‍മാരെ പരിശീലിപ്പിക്കുകയാണ് മഗ്രാത്തിന്റെ പുതിയ ദൗത്യം.
ബിസിസിഐയും എംആര്‍എഫ് പേസ് ഫൗണ്ടേഷനും തമ്മിലെ കരാര്‍ പ്രകാരം വരുണ്‍ ആരോണും ഈശ്വര്‍ പാണ്ഡെയും അശോക് ദിന്‍ഡയും ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്ക് മഗ്രാത്തിനു കീഴില്‍ കഴിവുകള്‍ തേച്ചുമിനുക്കാന് അവസരമൊരുങ്ങും. സപ്തംബര്‍ 1 മുതല്‍ 10വരെ നടക്കുന്ന ക്യാംപില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ആദ്യബാച്ച് മഗ്രാത്തിന്റെ ശിഷ്യത്വം സ്വീകരിക്കും. 11 പേരാണ് ബാച്ചിലുള്ളത്.
രാഹുല്‍ ശുക്ല, വീര്‍ പ്രതാപ് സിംഗ്, ദീപക് ചഹര്‍, നാതു സിംഗ്, അങ്കിത് രജപുത്, അനുരീത് സംഗ്, ഷര്‍ദുല്‍ താക്കൂര്‍, സി.വി. മിലിന്ദ് എന്നിവരും സംഘത്തിലുണ്ട്. 2000ത്തില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി നിലവില്‍വന്നതിനുശേഷം ബൗളര്‍മാരെയൊന്നും ബിസിസിഐ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ അയച്ചിരുന്നില്ല. ഭൂരിഭാഗം ബൗളര്‍മാരും പരിശീലിച്ചിരുന്നത് അക്കാദമി ഡയറക്ടര്‍ ഡെന്നിസ് ലില്ലിക്കു കീഴിലായിരുന്നു. അടുത്തകാലത്ത് എംആര്‍എഫ് ട്രെയ്നിങ് ഫൗണ്ടേഷനുമായുള്ള ബന്ധം മെച്ചപ്പെട്ടതാണ് നിലപാട് മാറ്റാന്‍ ബിസിസിഐ പ്രേരിപ്പിച്ചത്.
















