ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖരിലൊരാളായ റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാം റൗണ്ടില്‍. പുരുഷ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ജയംകണ്ടു. അതേസമയം, വനിതകളില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡവാന്‍സ്‌ക പുറത്തായി.
രണ്ടാംവട്ടത്തില്‍ റൊമാനിയയുടെ അലക്‌സാന്ദ്ര ഡുള്‍ഗേരുവിനെയാണ് ഷറപ്പോവ മറികടന്നത്, സ്‌കോര്‍: 4-6, 6-3, 6-2. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ശക്തമായി തിരിച്ചടിച്ച ഷറപ്പോവ എതിരാളിയെ നിരായുധയാക്കിക്കളഞ്ഞു. വാവ്‌റിങ്ക ബ്രസീലിന്റെ തോമസ് ബെലൂച്ചിയെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ അതിജീവിച്ചു (6-3, 6-4, 3-6, 7-6). നാലാം സീഡ് റഡ്‌വാന്‍സ്‌കയെ ചൈനീസ് പ്രതിനിധി പെങ് ഷൂ 6-3, 6-4 എന്ന സ്‌കോറിനാണ് അട്ടിമറിച്ചത്.
പുരുഷവിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനോട് മുട്ടുകുത്തിയ മുന്‍ ചാമ്പ്യന്‍ ആസ്‌ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റും പുറത്തേക്കു വഴിതേടി (6-3, 6-4, 6-3). ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ച്, ബള്‍ഗേറിയന്‍ പ്രതിഭ ഗ്രിഗോര്‍ ദിമിത്രോവ്, സ്‌പെയ്‌നിന്റെ ഫെലിസിയാനോ ലോപ്പസ് എന്നിവരും വിജയികളുടെ പട്ടികയിലുണ്ട്.
അമേരിക്കയുടെ വീനസ് വിംല്യസ്, റൊമാനിയുടെ സിമോണ ഹാലെപ്, സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ച്, ഡെന്‍മാര്‍ക്കിന്റ കരോലിന വൊസ്‌നിയാക്കി, ജര്‍മനിയുടെ സബീന്‍ ലിസിക്കി, ഫ്രാന്‍സിന്റെ അലീസെ കോര്‍നെറ്റ്, എയ്ഞ്ചലിക് കെര്‍ബര്‍, ഇറ്റലിയുടെ സാറാ എറാനി, റൊബര്‍ട്ടാ വിന്‍സി തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ ഇടംഉറപ്പിച്ചു.
പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനക്കും ചേര്‍ന്ന ജോടി ആദ്യമത്സരത്തില്‍ ജയംനേടി. വനിതകളില്‍ സിംബാബ്‌വെയുടെ കാര ബ്ലാക്കിനൊപ്പം സാനിയ മിര്‍സയും മുന്നോട്ടു കുതിച്ചു. മിക്‌സഡ് ഡബിള്‍സിലും സാനിയ സഖ്യം ജയിച്ചിട്ടുണ്ട്.
















