ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയ ഹൈ വോള്‍ട്ടേജ് മുഖാമുഖത്തില്‍ ജയം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം.
മിഷിഗണിലെ ആന്‍ അര്ബോറിലെ ഗ്യാലറിയെ നിറച്ച 109,318 കാണികളെ സാക്ഷിയാക്കി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സ്പാനിഷ് വമ്പന്‍ റയല്‍ മാഡ്രിഡിനെ തുരത്തിയ ചുവന്ന ചെകുത്താന്മാര് സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനലിലെത്തി. ഗ്രൂപ്പ് എയിലെ ജേതാക്കളെന്ന നിലയില്‍ മാന്‍.യുവിന്റെ മുന്നേറ്റം. ഇറ്റാലിയന്‍ സംഘം എസി മിലാനെ 2-0ത്തിന് കീഴടക്കി ഗ്രൂപ്പ് ബിയില്‍ ഒന്നാമന്മാരായ മറ്റൊരു ഇംഗ്ലീഷ് പ്രതിനിധി ലിവര്‍പൂളാണ് കലാശക്കളത്തില്‍ ലൂയിസ് വാന്‍ ഗാലിന്റെ കുട്ടികളെ കാത്തിരിക്കുന്നത്.
സൗഹൃദക്കളിയായിട്ടും റയലിനോട് മാഞ്ചസ്റ്റര്‍ ടീം ദയയൊന്നും കാട്ടിയില്ല. 21-ാം മിനിറ്റില്‍ ആഷ്ലി യങ് മാന്‍.യുവിനെ മുന്നിലെത്തിച്ചു. പക്ഷേ, ആറു മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റിയിലൂടെ ഗാരത് ബെയ്ല് റയലിനു സമനില നല്കി. യങ് (37-ാം മിനിറ്റ്) ഡബിള്‍ തികയ്ക്കുമ്പോള്‍ മാന്‍.യു വീണ്ടും മുന്നില്‍. ഒടുവില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് (80) അവരുടെ ജയം ഉറപ്പിച്ച ഗോളും കുറിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും അധികംപേര്‍ നേരിട്ടുവീക്ഷിച്ച ഫുട്ബോള്‍ മത്സരമെന്ന പെരുമയും മാന്‍.യു- റയല്‍ മുഖാമുഖത്തിന് ലഭിച്ചു. 1984ല്‍ ഫ്രാന്‍സും ബ്രസീലും തമ്മില്‍ നടന്ന ഒളിംപിക് ഫുട്ബോള്‍ ഫൈനലിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അന്ന് 101, 799 പേരാണ് കളികാണാന്‍ എത്തിയത്.
















