ഗാസസിറ്റി: ഗാസയിലെ രക്തച്ചൊരിച്ചിലിന് അവസാനമില്ല. ഇസ്രായേല്‍ പൗരനായ ഒരു സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്നലെ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 50 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലും ഹമാസും തമ്മില്‍ ഒരു മാസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,650 ആയി. 9000 ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഹഡാര്‍ ഗോള്ഡിന് എന്ന ഇസ്രായേല്‍ സൈനികനെ കാണാതായത്. സൈനികനെ ഹമാസ് തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് മൂന്ന് മണിക്കൂര്‍ നീണ്ട വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ലംഘിച്ചത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും സംയുക്തമായാണ് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയത് ഹമാസാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. കരാര്‍ ലംഘിച്ചതിനെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു.
കാണാതായ ഇസ്രായേല്‍ സൈനികനോടൊപ്പമുണ്ടായിരുന്ന രണ്ട് സൈനികരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാസയിലെ ഇരുനൂറോളം ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങള്‍, തുരങ്കങ്ങള്‍, ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ച കേന്ദ്രങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടു. ഗാസയിലെ ഇസ്ലാമിക സര്‍വ്വകലാശാലയും ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 റോക്കറ്റ് ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്.
അതേസമയം, സൈനികനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹമാസ് ശൃംഖലയിലുള്ള ക്വസാം ബ്രിഗേഡ്സാണ് 23- കാരനായ സൈനികനെ തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വസാം ബ്രിഗേഡ്സുമായി അതുവരെയുണ്ടായിരുന്ന ആശയവിനിമയ ബന്ധം തട്ടികൊണ്ടുപോയെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷം നഷ്ടപ്പെട്ടിരുന്നു. ഇതാണ് ഹമാസിനെതിരെ സംശയം ഉയരാന്‍ കാരണം.
ഇതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇസ്രായേലാണെന്ന് ഹമാസ് അവരുടെ വെബ്സൈറ്റില്‍ ആരോപിച്ചു. സൈനികനെ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും ഹമാസ് മറുപടി നല്കി.
അതേസമയം, വെടിനിര്‍ത്തല്‍ ഇസ്രായേല്‍ അംഗീകരിച്ചിരുന്നുവെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദെല് ഫത്താ ഇല്-സിസി പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഇസ്രായേല്‍ പറഞ്ഞെങ്കിലും ഹമാസ് അത് തള്ളുകയായിരുന്നുവെന്ന് അബ്ദെല് ഇന്നലെ വ്യക്തമാക്കി. ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാകുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: