ഗ്ലാസ്‌ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഇംഗ്ലണ്ട് ബഹുദൂരം മുന്നില്‍. കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ 37 സ്വര്‍ണ്ണവുമായി ഇന്ത്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇംഗ്ലണ്ട് ഇത്തവണ ഇതുവരെ 45 സ്വര്‍ണ്ണം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 41 വെള്ളിയും 40 വെങ്കലവും അവര്‍ സ്വന്തമാക്കി. കഴിഞ്ഞ ഗെയിംസില്‍ 74 സ്വര്‍ണ്ണവും 55 വെള്ളിയും 48 വെങ്കലവും നേടിയ ഓസ്‌ട്രേലിയക്ക് ഇതുവരെ 36 സ്വര്‍ണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 37 വെള്ളിയും 41 വെങ്കലവും അവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ 26 സ്വര്‍ണ്ണം നേടി നാലാം സ്ഥാനത്തായിരുന്ന കാനഡ 27 സ്വര്‍ണ്ണവും 13 വെള്ളിയും 26 വെങ്കലവും സ്വന്തമാക്കി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
നൈജീരിയയുടെ ബ്ലെസ്സിങ്ങ് ഒകാഗ്ബരെ സ്പ്രിന്റ് ഡബിള്‍ തികച്ചു. 200 മീറ്ററിലും സ്വര്‍ണ്ണം നേടിയാണ് നൈജീരിയന്‍ താരം സ്പ്രിന്റ് ഡബിള്‍ തികച്ചത്. കഴിഞ്ഞ ദിവസം 10.85 സെക്കന്റില്‍ 100 മീറ്ററില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ബ്ലെസ്സിങ് ഇന്നലെ പുലര്‍ച്ചെ നടന്ന 200 മീറ്ററില്‍ 22.25 സെക്കന്റില്‍ പറന്നെത്തിയാണ് ഡബിള്‍ തികച്ചത്. ഇംഗ്ലണ്ട് താരങ്ങളായ ജോഡി വില്ല്യംസ് വെള്ളിയും ബിയാന്‍ക വില്ല്യംസ് വെങ്കലവും കരസ്ഥമാക്കി. അതേസമയം പുരുഷന്മാരുടെ 200 മീറ്ററില്‍ മൂന്നു മെഡലുകളും ജമൈക്കന്‍ താരങ്ങള്‍ തുത്തുവാരി. 20.14 സെക്കന്റില്‍ പറന്നെത്തി റഷീദ് ഡ്വെയര്‍ സ്വര്‍ണ്ണവും 20.26 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വാരന്‍ വെയര്‍ വെള്ളിയും 20.32 സെക്കന്റില്‍ ഓടിയെത്തി ജാസണ്‍ ലിവര്‍മോര്‍ വെങ്കലവും സ്വന്തമാക്കി.
വനിതാ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. സെമിഫൈനലില്‍ ഓസ്‌ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂസിലാന്റിനെയും കീഴടക്കിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
















