ഗാസസിറ്റി: ഗാസയില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും സമ്മതിച്ചതിനെതുടര്‍ന്ന് ഇന്നലെ പ്രാദേശികസമയം എട്ടുമണിക്ക് മൂന്ന് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. മാനുഷിക പരിഗണന മാനിച്ച് 72 മണിക്കൂര്‍ ഉപാധിരഹിത വെടിനിര്‍ത്തലിനാണ് ഇരുകൂട്ടരും സമ്മതിച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് വെടിനിര്ത്തിയതായ പ്രഖ്യാപനം നടത്തിയത്.
25 ദിവസം നീണ്ട് നിന്ന യുദ്ധത്തില്‍ 1450ലേറെ പാലസ്തീന്‍കാരും 60 ഇസ്രയേലികളും കൊല്ലപ്പെട്ടിരുന്നു. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ധാരണക്ക് മുന്നോടിയായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 40 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും, ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിക്കുന്നതിനുമാണ് വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തുക.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യാഴാഴ്ച രാത്രിയില്‍ ഭാരതത്തില്‍ വച്ചാണ് ജോണ്‍കെറിയുടെ അറിയിപ്പ് വന്നത്. അതേ സമയം തന്നെ ന്യൂയോര്‍ക്കില്‍ ബാന്‍കിമൂണും പ്രഖ്യാപനം നടത്തി. ഭാരത സന്ദര്‍ശനവേളയില്‍ ഫോണ്‍മുഖേനയാണ് രണ്ട് രാജ്യങ്ങളിലേയും പ്രധാന നേതാക്കളുമായി ജോണ്‍ കെറി വെടിനിര്‍ത്തലിലെത്തിക്കാന്‍ ചര്‍ച്ചനടത്തിയത്. ജൂലൈ എട്ടിന് യുദ്ധം ആരംഭിച്ചതിന് ശേഷം നാല്പ്രാവശ്യം കുറച്ച് സമയത്തേക്ക് വീതം വെടിനിര്‍ത്തലുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന വെടിനിര്‍ത്തല്‍ ഇപ്പോഴാണ് പ്രഖ്യാപിക്കപ്പെടുന്നത്.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്റോയില്‍ വച്ച് ചര്‍ച്ചനടത്താന്‍ പാലസ്തീനും ഇസ്രയേലും ധാരണയായിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഒപ്പമിരുത്തി സമാധാന ചര്‍ച്ചകള്‍ക്ക് കെയ്റോ വേദിയാകുന്നത്. ഇരുകൂട്ടരും വിലപേശല്‍ നടത്തുമെങ്കിലും സമാധാന ചര്‍ച്ചകള്‍ വിജയിക്കുമെന്ന് തന്നെയാണ് യുഎന്നിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: