സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുന്നു. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 445 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്ത് പരാജയത്തെ തുറിച്ചുനോക്കുകയാണ്. 26 റണ്‍സോടെ ശിഖര്‍ ധവാനും 8 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 12 റണ്‍സെടുത്ത മുരളി വിജയ് റണ്ണൗട്ടായപ്പോള്‍ രണ്ട് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ മൊയീന്‍ അലിയുടെ പന്തില്‍ ജോര്‍ദാന്‍ പിടികൂടി. എട്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വിജയിക്കാന്‍ 379 റണ്‍സ് കൂടി വേണം.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 330 റണ്‍സിന് അവസാനിച്ചു. ഇതോടെ 239 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു. തുടര്‍ന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് 40.4 ഓവറില്‍ സ്കോര്‍ നാല് വിക്കറ്റിന് 205 റണ്‍സിലെത്തിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് 70 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 41 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത ജോ റൂട്ടും 38 റണ്‍സെടുത്ത ബല്ലാന്‍സും 23 റണ്‍സെടുത്ത ഇയാന്‍ ബെല്ലും കുക്കിന് മികച്ച പിന്തുണ നല്കി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഭുവനേശ്വര്‍ കുമാര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തെ 323ന് എട്ട് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 50 റണ്‍സെടുത്ത ഇന്നിംഗ്സ് തുടര്‍ന്ന ധോണി കൂടുതല്‍ റണ്ണൊന്നും നേടാതെ ആന്‍ഡേഴ്സന്റെ പന്തില്‍ ബട്ട്ലര്‍ക്ക് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 9ന് 329. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അഞ്ച് റണ്‍സെടുത്ത മുഹമ്മദ് ഷാമിയെയും ആന്ഡേഴ്സണ് ബട്ട്ലറുടെ കൈകളിലെത്തിച്ചു. ഒരു റണ്‍സെടുത്ത പങ്കജ് സിംഗ് പുറത്താകാതെ നിന്നു.
















