ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പൂള്‍ എയില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെയ്ല്‍സിനെ തകര്‍ത്താണ് നിലവിലെ വെള്ളിമെഡല്‍ ജേതാക്കളായ ഇന്ത്യ മികച്ച തുടക്കം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ആര്‍. രഘുനാഥ് സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യക്ക് വേണ്ടി ലീഡ് നേടിയെങ്കിലും മൂന്നുമിനിറ്റിനുശേഷം ആന്‍ഡ്രൂ കോര്‍ണിക്കിലൂടെ വെയ്ല്‍സ് സമനില പിടിച്ചു. പിന്നീട് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
പിന്നീട് മത്സരത്തിന്റെ 41-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ സിംഗിലൂടെയും 46-ാം മിനിറ്റില്‍ ഗുര്‍വിന്ദര്‍ സിംഗിലൂടെയും ലക്ഷ്യം കണ്ടതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലന്റിനെ നേരിടും.
വനിതാ വിഭാഗം ഹോക്കിയിലും ഇന്ത്യ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് കൗര്‍ രണ്ടും റാണി രാംപാല്‍, പൂനം റാണി എന്നിവര്‍ ഓരോഗോളും നേടി. കാനഡക്ക് വേണ്ടി ബ്രിന്നെ സ്‌റ്റെയേഴ്‌സും ക്രിസ്റ്റിയന്‍ വിഷാര്‍ട്ടും ആശ്വാസഗോളുകള്‍ നേടി. നാളെ ന്യുസിലാന്റുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
















