പെരുമ്പാവൂര്‍: തെക്കേവാഴക്കുളം കണ്ണമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങള്‍ മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളികൊണ്ടുള്ള കിരീടം, രണ്ട് ഓടക്കുഴലുകള്‍, ചമ്മട്ടി, നാല് തളകള്‍, മൂന്ന് കിങ്ങിണികള്‍, പാദസ്വരം എന്നിവയാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും അപഹരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
തെക്കേവാഴക്കുളം കണ്ണമംഗലം മനയുടെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. രാവിലെ മേല്‍ശാന്തി ക്ഷേത്രം തുറക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ വടക്കേവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ബലിക്കല്‍പ്പുരയിലെ പ്രധാന വാതിലും പൂട്ട് തകര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്.
തടിയിട്ടപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദ്ഗദ്ധരും ഇവിടെയെത്തി പരിശോധന നടത്തി.
















