ആലുവ: അനാഥാലയങ്ങളുകളില്‍ സംരക്ഷിക്കപ്പെടുന്ന കുട്ടികളുടെ ജനനസര്‍ട്ടിഫക്കറ്റ് ലഭിക്കാന്‍ കടമ്പകളേറെയാണ്. മൂന്നുമാസക്കാലം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയാലേ കുട്ടികള്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ബുദ്ധിമുട്ടുമൂലം പലരും ഇതിനുവേണ്ടി തുനിഞ്ഞിറങ്ങാറില്ല. പ്രധാന കായിക മത്സരങ്ങളിലും മത്സരപരീക്ഷകളിലും മറ്റും ജനനസര്‍ട്ടഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം അനാഥാലയങ്ങളില്‍ വളരുന്ന കഴിവുറ്റ കുട്ടികളുടെ ഭാവി നശിച്ചുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെ തൊടുപുഴയില്‍ വച്ചു നടന്ന സുബ്രതോ മുഖര്‍ജി സംസ്ഥാന ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ ജനസേവ ശിശുഭവനിലെ പെണ്‍കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം മത്സരത്തില്‍ പങ്കെടുക്കാനാവാതെ തിരിച്ചുപോരേണ്ടിവന്ന സംഭവം ഉണ്ടായി. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഇത്തരമൊരു നിയമപ്രശ്‌നം അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികളുടെ ഭാവിക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പഞ്ചായത്തില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍.ഒ.സി-ക്ക് അപേക്ഷിക്കണ്ടതായുണ്ട്. അതിനായി കുട്ടിയുടെ കോര്‍ട്ട്ഓര്‍ഡര്‍, വക്കീലിന്റെ അഫിഡവിറ്റ്, സ്‌ക്കൂള്‍ ഹെഡ്മിസ്സ് സാക്ഷ്യപ്പെടുത്തിയ സ്‌ക്കൂള്‍ എക്‌സ്ട്രാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അറ്റസ്റ്റ് ചെയ്ത് പഞ്ചായത്തില്‍ നല്‍കണം. എന്‍.ഒ.സി. ലഭിച്ചശേഷം അതിന്റെകൂടെ മേല്‍പ്പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകളും ചേര്‍ത്ത് ആര്‍.ഡി.ഒ.-ക്ക് നല്‍കണം. ആര്‍.ഡി.ഒ. ഒപ്പിട്ട് നല്‍കുന്ന പേപ്പറുകള്‍ പരിശോധിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ കൊടുക്കുക എന്നതാണ് അടുത്തപടി. വില്ലേജ് ഓഫീസര്‍ ഒപ്പിട്ട് തരുന്ന പേപ്പറുകള്‍ വീണ്ടും ആര്‍.ഡി.ക്ക് സമര്‍പ്പിക്കണം. അവിടുന്ന് വീണ്ടും വില്ലേജ് ഓഫീസില്‍ എത്തിക്കണം. വില്ലേജ് ഓഫീസര്‍ പരിശോധിച്ചശേഷം വീണ്ടും ആര്‍.ഡി.ക്ക് കൊടുക്കണം.
പേപ്പറുകള്‍ പരിശോധിച്ച് ബോധ്യമായാല്‍ ആര്‍.ഡി.ഒ -യുടെ ഓഫീസില്‍ വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്തശേഷം ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാഫാറം ലഭിക്കും. അത് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10 രൂപ മുദ്രപത്രത്തോടൊപ്പം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഇതിനായി ചുരുങ്ങിയത് മൂന്നുമാസത്തോളം കാലതാമസം എടുക്കും. മാത്രമല്ല പഞ്ചായത്ത് ഓഫീസില്‍നിന്നും കുട്ടികളുടെ ജാതി, വയസ്സ്, രക്ഷിതാക്കള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തന്മൂലം അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. വിദേശത്ത് ജോലി ലഭിക്കുന്നതിനായുള്ള പാസ്‌പോര്‍ട്ട്, മറ്റ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകല്‍ള്‍ മുതലായവ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ ജനസേവ ശിശുഭവന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.
















