കീവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളും ബലമായി പിടിച്ചുവച്ചിരുന്ന മൃതശരീരങ്ങളും കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ യുക്രൈന് വിമതര്‍ വിട്ടുകൊടുത്തു. ബ്ലാക്ക് ബോക്സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്കും മൃതശരീരങ്ങള്‍ യുക്രൈനുമാണ് കൈമാറിയത്. സംഭവസ്ഥലത്ത് അന്താരാഷ്ട്ര അന്വേഷക സംഘങ്ങളെ സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനും വിമതര്‍ അനുവദിച്ചു.
ദുരന്തമേഖലയില്‍ വിദേശനിരീക്ഷകരെ കടത്തിവിടണമെന്നും അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിന് പിന്നാലെയാണ് റഷ്യന്‍ അനുകൂല വിമതരുടെ മനംമാറ്റം. ആസ്ട്രേലിയ അവതരിപ്പിച്ച പ്രമേയം യുഎന്‍ ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും മുന്നറിയിപ്പും നിലപാട് മാറ്റത്തിന് വിമതരെ പ്രേരിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു.
ഡൊനെറ്റ്സ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് വിമത നേതാവ് അലക്സാണ്ടര്‍ ബൊറോഡിയാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. ബ്ലാക്ക് ബോക്സുകള്‍ പരിശോധിച്ച മലേഷ്യന്‍ സംഘത്തലവന് കേണല്‍ മുഹമ്മദ് സാക്രി അവയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വിമാനത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനി വെളിപ്പെടും. വിമാനം തകര്‍ന്ന സമയം, അപകടത്തില്‍പ്പെട്ട വേളയില്‍ വിമാനത്തിന്റെ സ്ഥാനം എന്നിവയെകുറിച്ച് ബ്ലാക്ക് ബോക്സില്‍ നിന്ന് വിവരം ലഭിക്കും. വിമാനം തകരാനുള്ള കാരണം എന്തന്നറിയാന് ഉതകുന്ന സൂചനകള്‍ കോക്പിറ്റിലെ ശബ്ദരേഖയിലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനിടെ, 200 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ യുക്രൈനിലെ കിഴക്കന്‍ നഗരമായി ഖര്‍കീവിലെത്തി. മലേഷ്യന്‍ വിദഗ്ധരും ഹോളണ്ട് പ്രതിനിധികളും ട്രയിനിനെ അനുഗമിച്ചു. ഹോളണ്ടിന് കൈമാറണം എന്ന ഉപാധിപ്രകാരമാണ് വിമതര്‍ മൃതശരീരങ്ങള്‍ വിട്ടുനല്‍കിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഹോളണ്ടിലേക്ക് കൊണ്ടുപോകും. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേരും ഹോളണ്ടുകാരാണ്.
ദുരന്തസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ വിമതര്‍ കൈക്കലാക്കി ട്രെയിനില്‍ കയറ്റി കൊണ്ടുപോയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ട്രെയിന്‍ പിടിച്ചിരുന്ന ടോറസ് റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് തിങ്കളാഴ്ച യുക്രൈന് സൈന്യവും വിമതരും രൂക്ഷപോരാട്ടവും നടന്നു. ഏറ്റുമുട്ടലില്‍ നാലു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ആഗോളതലത്തില്‍ ഉയന്ന രോഷത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: