കൊച്ചി: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ക്യാമ്പില്‍ പാലക്കാട് ജില്ലയുടെ ജൂനിയര്‍ ഫുട്‌ബോള്‍ താരമായ മുഹമ്മദ് ജിന്‍ഷാദ് പങ്കെടുക്കും.
കൊച്ചിയില്‍ സമാപിച്ച ബജാജ് അലയന്‍സ് ജൂനിയര്‍ ഫുട്‌ബോള്‍ ഫിനാലെയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിന്‍ഷാദിനെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോപോള്‍ അഞ്ചേരിയാണ് തെരഞ്ഞെടുത്തത്. മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു താരമായ കണ്ണൂരിന്റെ സനല്‍ രാജിനെ പൂനെ എഫ്‌സിയിലേക്കുള്ള പരിശീലനത്തിനും തിരഞ്ഞെടുത്തു. കേരളം, കര്‍ണാടകം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ നിന്നാണ് മുഹമ്മദ് ജിന്‍ഷാദ് തിരഞ്ഞെടുക്കപ്പെട്ടത്. ജര്‍മ്മന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റേഡിയമായ അലയന്‍സ് ഫുട്‌ബോള്‍ ക്യാമ്പില്‍ അഞ്ച് ദിവസമാണ് പരിശീലനം.
ആഗസ്റ്റ് അവസാനവാരം മ്യൂണിക്കില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് കുട്ടികളാണ് പങ്കെടുക്കുക. 21 രാജ്യങ്ങളില്‍ നിന്നുള്ള 63 കുട്ടികള്‍ മ്യൂണിക്ക് അലയന്‍സ് ക്യാമ്പില്‍ പങ്കെടുക്കും. കേരള പോലീസ് താരമായി മാറിയ അബു താഹിറാണ് 2010 ലെ ജെഎഫ്‌സി ജേതാവ്. 2012 ലെ ജെഎഫ്‌സി ജേതാവ് ഈഗിള്‍സ് എഫ്‌സിയുടെ ജിബിന്‍ ദേവസിയായിരുന്നു. ഇപ്പോള്‍ അണ്ടര്‍ 17 വേള്‍ഡ് കപ്പ് കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്ന അനന്തമുരളിയാണ് മ്യൂണിക്കില്‍ പരിശീലനം ലഭിച്ച മറ്റൊരു ജെഎഫ്‌സി ജേതാവ്.
















