ഗ്രബോവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ മൃതശരീരങ്ങള്‍ റഷ്യന്‍ അനുകൂല യുക്രൈന് വിമതര്‍ കടത്തിക്കൊണ്ടുപോയി. വിമാനാവശിഷ്ടങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ 196 മൃതശരീരങ്ങളാണ് വിമതര്‍ ബലമായി തട്ടിയെടുത്തത്. ഇവ ശീതീകരിച്ച ട്രെയിനില്‍ നിറച്ച് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര നിരീക്ഷകരും യുക്രൈന് അധികൃതരും സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടമുണ്ടായ സ്ഥലത്തുനിന്നും 15 കിലോമീറ്റര്‍ അകലെ ടോറെസിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. വിമതരുടെ ശക്തികേന്ദ്രമായ ഡൊണെട്സ്കിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയതെന്ന് റഷ്യയിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, മൃതദേഹങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖാര്‍കീവില്‍ വിമതര്‍ കൈമാറുമെന്നാണ് യുക്രൈന് അധികൃതരുടെ പ്രതീക്ഷ.
മലേഷ്യന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് യുക്രൈന് വിമതരാണെന്ന ആരോപണത്തിന് കൂടുതല്‍ ആക്കം കൂട്ടുന്നതാണ് മൃതദേഹങ്ങള്‍ തട്ടിയെടുത്ത സംഭവം. വിമാനം തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് ആദ്യം മുതല്‍ വിമതര്‍ തടസം സൃഷ്ടിച്ചിരുന്നു. മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടുപോയതോടുകൂടി വിമതര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ശക്തമാകുകയാണ്.
ഇതിനിടെ, റഷ്യന്‍ പിന്തുണയുള്ള വിമതരാണ് വിമാനം തകര്‍ത്തതെന്ന വാദവുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. യുക്രൈന് വിമതര്‍ക്ക് മിസൈല്‍ നല്‍കിയത് റഷ്യയാണെന്ന വാദത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. യുക്രൈനിലേക്ക് മൂന്ന് റഷ്യന്‍ റോക്കറ്റ് ലോഞ്ചറുകള്‍ കൊണ്ടുപോകുന്നതായി ഒരാഴ്ച മുമ്പ് ചില സൂചനകള്‍ ലഭിച്ചിരുന്നതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. വിമാനം തകര്‍ത്ത സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയില്‍ നിന്നും മൂന്ന് ബക് എം-1 ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം വിമത മേഖലയിലേക്ക് കൊണ്ടുപോയതിന് തെളിവുണ്ടെന്നും ഇതു സംബന്ധിച്ച ചില ചിത്രങ്ങള്‍ കൈവശമുണ്ടെന്നും യുക്രൈന് കൗണ്ടര്‍ ഇന്റലിജെന്റ്സ് മേധാവി വിറ്റലി നൈദ പറഞ്ഞു. മിസൈലുകള്‍ കൊണ്ടുപോയി ഏതാണ്ട് 12 മണിക്കൂറിനുള്ളില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണു.
അതേസമയം, യുക്രൈന് വിമതര്‍ക്ക് റഷ്യ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന ആരോപണം പ്രസിഡന്റ് വഌദിമര്‍ പുടിന് നിഷേധിച്ചു. യുക്രൈന് വിമതരുടെ കമാന്ററും ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: