കാലടി: ആധുനികതയിലൂന്നി സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ യോഗം. സംസ്‌കൃതത്തെ പരിപോഷിപ്പിച്ച് നവഭാരത നിര്‍മ്മാണത്തിന് ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസരംഗത്ത് മാറ്റം വരണമെന്നും യോഗത്തില്‍ തീരുമാനമായി. സംസ്‌കൃതഭാഷാ പഠനത്തിലൂടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ക്കാണ് വൈസ് ചാന്‍സിലര്‍ ഡോ.എം.സി. ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്.
നിര്‍മ്മാണകലയുടെ പാരമ്പര്യത്തനിമ കോര്‍ത്തിണക്കി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി സെന്ററില്‍ ബിആര്‍ക്ക് (ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍) കോഴ്‌സ് തുടങ്ങും. ആധുനിക കാലത്തെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധം സിലബസുകള്‍ റീസ്ട്രക്ച്ചര്‍ ചെയ്യും. സംസ്‌കൃതം എംഎ ഡിഗ്രിയോടൊപ്പം ചേര്‍ക്കത്തക്കവിധത്തില്‍ ആഡ് ഓണ്‍ കോഴ്‌സുകള്‍ ആരംഭിക്കുവാനും, സംസ്‌കൃത ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വേണ്ടി കള്‍ച്ചറല്‍ ജേണലിസം, ഹെറിറ്റേജ് സ്റ്റഡീസ്, ആര്‍ക്കിയോളജി, ആര്‍ട്ട് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി കമ്മിറ്റി രൂപീകരിച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് പിജി ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആരംഭിക്കും. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ചുകൊണ്ട് സര്‍വ്വകലാശാലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്കും സ്വദേശികള്‍ക്കുമായി സ്പാ മാനേജ്‌മെന്റ്, ആയുര്‍വേദ ഡിപ്ലോമ കോഴ്‌സുകള്‍, സംസ്‌കൃത ക്രാഷ് കോഴ്‌സുകള്‍ തുടങ്ങിയവ ആരംഭിക്കുവാനും തീരുമാനമായി. സംസ്‌കൃതത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ആഗോളതലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിനുമായുള്ള നിരവധി പദ്ധതികള്‍ക്കാണ് ശനിയാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധികള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഇലക്റ്റഡ് മെമ്പേഴ്‌സ്, ഫാക്കല്‍റ്റി, ഡീന്‍സ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















