ആലുവ: കേന്ദ്ര ആയുധ സംഭരണ ശാല (എന്‍.എ.ഡി)യുടെ പരിസരം സേഫ്റ്റി സോണായി പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജനങ്ങളിലുണ്ടായ ആശങ്കക്ക് പരിഹാരമാവുന്നു. 1992ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനപ്രകാരമുള്ള സര്‍വേ നമ്പറുകളില്‍പ്പെട്ട സ്ഥലം മാത്രമാണ് സുരക്ഷാ മേഖലയില്‍പ്പെടുന്നതെന്ന് എന്‍.എ.ഡി അധികൃതര്‍ വ്യക്തമാക്കി.
അന്‍വര്‍ സാദത്ത് എം.എല്‍.എ ഇടപ്പെട്ട് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പഞ്ചായത്ത് റവന്യു അധികൃതരുടെയും യോഗത്തിലാണ് എന്‍.എ.ഡി അധികാരികള്‍ നിലപാട് വ്യക്തമാക്കിയത്. എന്‍.എ.ഡിയുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്‍.എ.ഡിയുടെ എന്‍.ഒ.സി ലഭ്യമാക്കണം. മറ്റ് സര്‍വേ നമ്പറുകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം കെട്ടിടം നിര്‍മ്മിക്കാമെന്നും എന്‍.എ.ഡി അധികാരികള്‍ വ്യക്തമാക്കി. സുരക്ഷാ മേഖല വ്യക്തമാക്കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എന്‍.എ.ഡി, റവന്യു, പഞ്ചായത്ത് അധികാരികളുടെ സാന്നിദ്ധ്യത്തില്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് റീസര്‍വേ നടത്തും. ഇതിന് വരുന്ന ചെലവ് എന്‍.എ.ഡി വഹിക്കും.
ആലുവ പാലസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ പി. രാജീവ്, ഇന്നസെന്റ്, അന്‍വര്‍സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത സിദ്ദിഖ്, വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രഹന്‍രാജ്, പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീര്‍, തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
















