ഗാലെ: ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന്റെ തീചീളുകളേറ്റ ശ്രീലങ്ക വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയുടെ അഗാധതലങ്ങളിലേക്ക് കൂപ്പുകുത്തി. ഡെയ്ല്‍ സ്റ്റെയ്‌നും (4) മോണി മോര്‍ക്കലും (4) എട്ടുവിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 153 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. 370 റണ്‍സിന്റെ ലക്ഷ്യം തേടിയ സിംഹളവീരര്‍ വെറും 216 റണ്‍സിന് കൂടാരംകയറി. ലങ്കന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം ടെസ്റ്റ് ജയംമാത്രമിത്. ഇതോടെ നായകപദവിയില്‍ ഹാഷിം ആംലയുടെ അരങ്ങേറ്റവും ഗംഭീരമായി. രണ്ട് ഇന്നിംഗ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ പിഴുത സ്റ്റെയ്ന്‍ മാന്‍ ഓഫ് ദ മാച്ച്. കുമാര്‍ സംഗക്കാര(76)യുടേതടക്കം രണ്ടിരകളെ കണ്ടെത്തിയ ജെപി ഡുമിനിയും ലങ്കയെ നോവിച്ചു. സ്‌കോര്‍: ദ. ആഫ്രിക്ക- 9ന് 455 ഡിക്ലയേര്‍ഡ്, 6ന് 206 ഡിക്ല. ശ്രീലങ്ക- 292, 216.
ഏക സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ നിറംമങ്ങിയപ്പോള്‍ ഉശിരന്‍ പന്തുകളെറിഞ്ഞ സ്റ്റെയ്‌നും മോര്‍ക്കലും ദക്ഷിണാഫ്രിക്കയ്‌ക്ക് അപൂര്‍വ ജയങ്ങളിലൊന്ന് സമ്മാനിക്കുകയായിരുന്നു. ഷോര്‍ട്ട് സ്‌പെല്ലുകളിലൂടെ തുറുപ്പുചീട്ടുകളുടെ ഊര്‍ജ്ജം സംരക്ഷിച്ച ആംലയുടെ തന്ത്രവും ഫലംകണ്ടു. 1ന് 110 എന്ന നിലയില്‍ കളിയാരംഭിച്ച ആതിഥേയര്‍ക്ക് മുന്നില്‍ 260 എന്ന കണക്കാണ് അവശേഷിച്ചത്. സംഗക്കാരയെന്ന അതികായന്റെ സാന്നിധ്യവും ലങ്കയ്‌ക്ക് പ്രതീക്ഷയേകി. പക്ഷേ, മോഹിച്ചപ്പോഴെല്ലാം വിക്കറ്റ് കൊയ്ത സ്റ്റെയ്‌നും മോര്‍ക്കലും ലങ്കന്‍ പ്രതീക്ഷകളെ കടലില്‍മുക്കി.
തലേദിവസത്തെ സ്‌കോറിനോട് പത്തു റണ്‍സ് കൂടി ചേര്‍ക്കുന്നതിന് മുന്‍പേ ലങ്കന്‍ പതനം ആരംഭിച്ചു, കുശാല്‍ സില്‍വയെ (38) സ്റ്റെയ്ന്‍ ക്വിന്റന്‍ ഡിക് കോക്കിന്റെ ഗ്ലൗസിലെത്തിച്ചു. പിന്നാലെ മഹേല ജയവര്‍ധനയെ(10) മോര്‍ക്കല്‍ വീഴ്‌ത്തി. സംഗയും കൂടാരത്തിലെത്തുമ്പോള്‍ ലങ്ക പരാജയം മണത്തു. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധശതകങ്ങളെന്ന റെക്കോര്‍ഡും പേറിയായിരുന്നു സംഗയുടെ മടക്കം.
ലാഹിരു തിരുമ്മന്നെയും (12) സ്റ്റെയ്‌നിന്റെ തീയുണ്ടയെ അതിജീവിച്ചില്ല. ദിനേശ് ചാന്ദിമല്‍ (1) മോര്‍ക്കലിന്റെ കോളത്തിലെ വിക്കറ്റായി. ദില്‍രുവാന്‍ പെരേരയ്‌ക്ക് അക്കൗണ്ട് തുറക്കാന്‍പോലും സ്റ്റെയ്ന്‍ സമയം നല്‍കിയില്ല. രംഗന ഹെറാത്തും (20) സുരാംഗ ലാക്മലും (12) വാലറ്റത്തില്‍ രണ്ടക്കം കടന്നെങ്കിലും നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ (27 നോട്ടൗട്ട്) ഒരുവശത്ത് തനിച്ചാക്കി അവരും മടങ്ങി.
ഷാമിന്ദ എറാംഗയെ (0) മോര്‍ക്കല്‍ ബൗള്‍ഡാക്കുമ്പോള്‍ മത്സരാന്ത്യം.
















