ഗലെ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാനായി ശ്രീലങ്ക പൊരുതുന്നു. ഒരു ദിവസവും ഒമ്പത് വിക്കറ്റുകളും കയ്യിലിരിക്കെ ശ്രീലങ്കക്ക് ജയിക്കാന്‍ 260 റണ്‍സ് കൂടി മതി. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 370 റണ്‍സ് ആവശ്യമായിരുന്ന ശ്രീലങ്ക നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 58 റണ്‍സുമായി കുമാര്‍ സംഗക്കാരയും 37 റണ്‍സുമായി കൗശല്‍ സില്‍വയുമാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 9ന് 455 റണ്‍സിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 292 റണ്‍സിന് പുറത്തായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 163 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. മൊത്തം 369 റണ്‍സിന്റെ ലീഡ് സ്വന്തമായപ്പോഴാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഷിം ആംല ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെയാണ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങാന്‍ ഇടയായത്.
9ന് 283 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ശ്രീലങ്ക ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ ഔട്ടായി. 19 റണ്‍സെടുത്ത ഹെറാത്തിനെ മോര്‍ക്കലിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടികൂടിയതോടെയാണ് ലങ്കന്‍ ഇന്നിംഗ്‌സിന് തിരശ്ശീല വീണത്.
163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ എല്‍ഗാറിനും ആല്‍വിരോ പീറ്റേഴ്‌സണും കഴിഞ്ഞില്ല. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സായപ്പോഴേക്കും 12 റണ്‍സെടുത്ത എല്‍ഗാറിനെ ഹെറാത്തും 32 റണ്‍സെടുത്ത പീറ്റേഴ്‌സണെ ദില്‍രുവാന്‍ പെരേരയും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ചണ്ടിമലാണ് ഇരുവരെയും പിടികൂടിയത്. പിന്നീട് ഡു പ്ലെസിസും ആംലയും ചേര്‍ന്ന് ടീമിനെ മുനോട്ട് നയിച്ചെങ്കിലും സ്‌കോര്‍ 88-ല്‍ എത്തയിപ്പോള്‍ 22 റണ്‍സെടുത്ത ആംലയെ പെരേര തരംഗയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ഡു പ്ലെസിസും എ.ബി. ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 131-ല്‍ എത്തിച്ചു. എന്നാല്‍ 31 റണ്‍സെടുത്ത ആംലയെ ഹെറാത്ത് ബൗള്‍ഡാക്കി. പിന്നീട് ഡിവില്ലിയേഴ്‌സും ഡി കോക്കും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. എന്നാല്‍ സ്‌കോര്‍ 193-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. 51 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ദില്‍രുവാന്‍ പെരേര ബൗള്‍ഡാക്കി. സ്‌കോര്‍ 206-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത ഡി കോക്കിനെ ദില്‍രുവാന്‍ പെരേര സ്വന്തം ബൗളിംഗില്‍ പിടികൂടിയതോടെ ഹാഷിം ആംല ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കക്ക് വേണ്ടി ദില്‍രുവാന്‍ പെരേര നാലും ഹെറാത്ത് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
370 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ഉപുല്‍ തരംഗയെ സ്‌റ്റെയിന്റെ പന്തില്‍ ഡി കോക്ക് പിടികൂടുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കൗശല്‍ സില്‍വക്ക് ഒപ്പം സംഗക്കാരയെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പിടി അയഞ്ഞു.
















