മോസ്കോ: മലേഷ്യന്‍ വിമാനം എംഎച്ച് 17നെ എയ്തുവീഴ്ത്തിയ മിസൈല്‍ ലക്ഷ്യമിട്ടത് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെയെന്ന് അഭ്യൂഹം. ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് ഇത്തമൊരു സംശയം ഉയര്‍ന്നിരിക്കുന്നത്. എംഎച്ച് 17ന്റെ അതേ സഞ്ചാരപാതയിലായിരുന്നു പുടിന്റെ വിമാനമെന്നു ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നു. മലേഷ്യന്‍ വിമാനം ആക്രമിക്കപ്പെട്ടതിനു 35 മിനിറ്റുകള്‍ക്കുശേഷം അതേ വ്യോമമേഖലയില്‍ എത്തേണ്ടതായിരുന്നു പുടിന്റെ വിമാനം. വാഴ്സയ്ക്കു മുകളില്‍ 10, 100 മീറ്റര്‍ ഉയരത്തില്‍വെച്ചാണ് ഇരുവിമാനങ്ങളും നേര്‍രേഖയില്‍ വന്നത്. പുടിന്റെ വിമാനത്തിന്റെയും എംഎച്ച്17ന്റെ നിറങ്ങള്‍ ഒന്നായിരുന്നു. വിമാനത്തിനു പുറത്തെ വരകളും സമാനം. കുറച്ചകലെ നിന്നു കണ്ടാല്‍ രണ്ടു വിമാനങ്ങളും ഒരേപോലെയാണെന്നു തോന്നുമത്രെ. എന്നാല്‍ റഷ്യന്‍ അധികൃതര്‍ അത്തരത്തിലെ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു.
‘7’ എന്ന നമ്പരിനെ കേന്ദ്രീകരിച്ചും കിംവദന്തികള്‍ പരക്കുകയാണ്. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1997 ജൂലൈ 17നാണ് എംഎച്ച്17 ബോയിങ് 777 ആദ്യ യാത്ര നടത്തിയത്. ജൂലൈ 17 തന്നെ അതു തകര്‍ന്നു വീഴുകയുംചെയ്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും സര്‍ക്കാരിലും തങ്ങളുടെ ഏജന്റുമാരെ തിരുകിക്കയറ്റി ലോകത്തെ നിയന്ത്രിക്കുന്നു എന്ന് അവകാശപ്പെടുന്ന സാങ്കല്‍പ്പിക സംഘമായ ഇല്യുമിനേറ്റിയുമായി ഏഴിന് ബന്ധമുണ്ടെന്ന് ചിലര്‍ കണക്കുകൂട്ടുന്നു. ഇല്യുമിനേറ്റികളുടെ വിശുദ്ധ സംഖ്യയാണത്രെ 7. നിഗൂഢസംഘം മലേഷ്യന്‍ വിമാനത്തെ തകര്‍ത്തിരിക്കാമെന്ന് സാരം. മാര്‍ച്ചില്‍ മലേഷ്യയുടെ തന്നെ എംഎച്ച് 370 വിമാനം കാണാതായ സംഭവവുമായി ഇപ്പോഴത്തെ ദുരന്തത്തിനു ബന്ധമുണ്ടെന്നും വിശ്വസിക്കുന്നവരേറെ. ഒരു വിമാനത്തെ തട്ടിയെടുത്ത് ഒളിപ്പിച്ചുവയ്ക്കുക. പിന്നെ മറ്റൊരണ്ണെത്തെ കടത്തികൊണ്ടുപോയശേഷം ആദ്യത്തെ വിമാനത്തെ തകര്‍ക്കുക, ഗൂഢാലോചനയുടെ വഴി ഇങ്ങനെയും തുറക്കപ്പെടുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടാക്കാന് വിമതരെക്കൊണ്ട് റഷ്യ വിമാനം തകര്‍ത്തതായിരിക്കാം എന്നതുവരെ നീളുന്നു ഭാവനാവിലാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: