ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 295 റണ്‍സിനെതിരെ രണ്ടാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയിലാണ്. 71 റണ്‍സുമായി ഗാരി ബല്ലാന്‍സും 14 റണ്‍സുമായി മോയിന്‍ അലിയുമാണ് ക്രീസില്‍. നേരത്തെ 9ന് 290 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 103 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ 295-ല്‍ എത്തിച്ചത്.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഭുവനേശ്വര്‍കുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സായപ്പോഴേക്കും ഇംഗ്ലണ്ട് ഓപ്പണര്‍മാരെ മടക്കി ഭുവനേശ്വര്‍കുമാര്‍ ആഞ്ഞടിച്ചു. സ്കോര്‍ 22-ല്‍ നില്‍ക്കേയാണ് ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണി പിടികൂടി. പിന്നീട് 17 റണ്‍സെടുത്ത റോബ്സനേയും ഭുവനേശ്വര്‍ ധോണിയുടെ കൈകളിലെത്തിച്ചു.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ബല്ലാന്‍സും ഇയാന്‍ ബെല്ലും ചേര്‍ന്ന് സ്കോര്‍ 70 റണ്‍സിലെത്തിച്ചെങ്കിലും ഭുവനേശ്വര്‍ വീണ്ടും ആഞ്ഞടിച്ചു. 16 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടി. തുടര്‍ന്നെത്തിയ ജോ റൂട്ടിനും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 13 റണ്‍സെടുത്ത ജോ റൂട്ടിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുതു.
















