ലണ്ടന്‍: ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യയ്‌ക്ക് ഇന്ന് രണ്ടാം ടെസ്റ്റ്. ആദ്യ മുഖാമുഖത്തില്‍ സന്ധിചെയ്ത ഇരു ടീമുകളുടെയും ലക്ഷ്യം ജയത്തോടെ പരമ്പരയില്‍ ലീഡ് പിടിച്ചെടുക്കുക. ലോര്‍ഡ്‌സിലെ മോശം റെക്കോര്‍ഡ് മറികടക്കുകയെന്നതും ഇന്ത്യയ്‌ക്കു മുന്നിലെ വെല്ലുവിളി. ഇവിടെക്കളിച്ച 16 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് ഒന്നില്‍ മാത്രം; പതിനൊന്നെണ്ണത്തില്‍ തോല്‍വി വഴങ്ങി. കടലാസില്‍ സന്ദര്‍ശകര്‍ക്കുള്ള മോശം കണക്ക് വീണ്ടും തെളിയിക്കപ്പെട്ടാല്‍ ഇംഗ്ലണ്ട് മുന്നില്‍ക്കയറും.
ട്രന്റ്ബ്രിഡ്ജില്‍ ജയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് എം.എസ്. ധോണിയും കൂട്ടരും സമനില വഴങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ഞുറിനടുത്തൊരു സ്‌കോര്‍ കണ്ടെത്തിയ ടീം ഇന്ത്യ പിന്നീട് ഇംഗ്ലണ്ടിനെ മുന്നൂറിന് താഴെ പുറത്താക്കുമെന്നു തോന്നിച്ചിരുന്നു.
എന്നാല്‍ സെഞ്ച്വറിക്കാരന്‍ ജോ റൂട്ടും വാലറ്റത്തിന്റെ വീറുകാട്ടിയ ജെയിംസ് ആന്‍ഡേഴ്‌സനും അവസാന വിക്കറ്റില്‍ ലോക റെക്കോര്‍ഡ് സഖ്യം തീര്‍ത്ത് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി. പിച്ച് ബൗളിംഗിനെ അത്ര സഹായിച്ചില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ ലോര്‍ഡ്‌സിലെ കളം അങ്ങനെയാവില്ലെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു.
സ്വന്തംമണ്ണില്‍ ആധിപത്യം ഉറപ്പിക്കാന്‍ വെമ്പുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തലവേദനകള്‍ ഏറെയുണ്ട്. മുന്‍ നിരയില്‍ സാം റോബ്‌സനും ഗ്യാരി ബാലന്‍സും പുറത്തെടുത്ത പ്രകടനവും റൂട്ടിന്റെ സെഞ്ച്വറിയും ആന്‍ഡേഴ്‌സന്റെയും സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെയും പ്രത്യാക്രമണങ്ങളും ഒഴിച്ചാല്‍ അവരുടെ ബാറ്റിംഗ് സ്റ്റാറുകള്‍ പാളിപ്പോയി.
ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും പരിചയസമ്പന്നനായ ഇയാന്‍ ബെല്ലും താളംകണ്ടെത്തിയില്ല. മോയീന്‍ അലി, മാറ്റ് പ്രിയോര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ കാര്യവും സമാനം തന്നെ. എങ്കിലും ബൗളര്‍മാരെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാം. ബ്രോഡും ആന്‍ഡേഴ്‌സനുമെല്ലാം നല്ല കൃത്യതയോടെ പന്തെറിഞ്ഞു.
വിരാട് കോഹ്‌ലിയുടെ ഫോം മോശമായതാണ് ഇന്ത്യ നേരിടുന്ന പ്രധാനപ്രശ്‌നം. മുരളി വിജയ് തകര്‍ത്തുകളിച്ചു. എന്നാല്‍ ശിഖര്‍ ധവാന്‍ തിളങ്ങിയില്ല. ഓപ്പണര്‍ സ്ഥാനത്തേക്കു ഗൗതം ഗംഭീറുമായുള്ള മത്സരം, മികവിലേക്കുയരാനുള്ള സമ്മര്‍ദ്ദം ധവാനുമേല്‍ തീര്‍ക്കുന്നുണ്ട്. രണ്ട് ഇന്നിംഗ്‌സിലും അര്‍ധ ശതകം നേടിയ സ്റ്റിയുവര്‍ട്ട് ബിന്നിയും രണ്ടാം വട്ടത്തില്‍ ഫോംകാട്ടിയ ചേതേശ്വര്‍ പൂജാരയും ഇന്ത്യയെ മുന്നോട്ടുനയിക്കുമെന്നു കരുതാം. വാലറ്റത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷാമിയുടെയും ചെറുത്തുനില്‍പ്പുകളും മറക്കാവുന്നതല്ല.
ഇഷാന്ത് ശര്‍മ്മ ചുക്കാന്‍പിടിച്ച പേസ് അറ്റാക്ക് എതിരാളിയുടെ പിന്നിലായില്ല. എന്നാല്‍ അഞ്ചാം ബൗളറുടെ അഭാവം ഇന്ത്യയെ അലട്ടുന്നു. ഈ സാഹചര്യത്തില്‍ ചിലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ബിന്നിയോ ജഡേജയോ കരയ്‌ക്കിരിക്കും.
















