കൊച്ചി: പ്രകൃതി തന്നെ നമ്മുടെ ശരീരം നന്നായി സൂക്ഷിക്കുന്നതിനായി നല്‍കിയിരിക്കുന്ന മാസമാണ് കര്‍ക്കിടകമെന്നും ഈ കാലം ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കണമെന്നും ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റസിഡന്റ്‌സ് അസോസിയേഷന്‍, സേവ എന്നിവര്‍ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി മേയര്‍. ആയുര്‍വേദമെന്ന പഴമയുടെ സംസ്‌കാരം അന്യംനിന്നു പോയിട്ടില്ലെന്നും ഇന്ന് ആഗോള തലത്തില്‍ തന്നെ വന്‍ പ്രചാരമുള്ളതായി മാറിയിരിക്കുന്നുവെന്നും ഡപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ.റിജു കര്‍ക്കിടക മാസത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച് പ്രസംഗിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ശരീരത്തെ സംരക്ഷിക്കുവാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുമാണ് കര്‍ക്കിടക മാസത്തെ ചികിത്സയിലൂടെ നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.ജയകുമാര്‍, ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ, ഫാ.സിജു പോള്‍ പാലത്താനത്ത് സി.എം.ഐ, സി.ഡി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















