ഗുവഹാത്തി: പുതുല്‍ ബോറയുടെ കാത്തിരിപ്പ് അവസാനിച്ചു. ജര്‍മനിയുടെ ലോകകപ്പ് ജയം, രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വീട്ടുമുറ്റത്തു കുഴിച്ചിട്ട സ്‌കോച്ച് വിസ്‌കി പുറത്തെടുക്കാന്‍ ബോറയ്‌ക്ക് അവസരം നല്‍കി. കുപ്പി കുഴിച്ചെടുക്കാന്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയുമൊക്കെ ആരാധകര്‍ ബോറയെ ഏറെ സഹായിച്ചെന്നതും മറ്റൊരുകാര്യം. പക്ഷേ, അതില്‍ നിന്ന് ഒരു തുള്ളി കഴിക്കില്ലെന്നു പ്രഖ്യാപിച്ച ബോറ അവരെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചു. സ്‌കോച്ചിന്റെ കാലപ്പഴക്കവും പ്രാധാന്യവും കണക്കിലെടുത്ത് ലേലം ചെയ്യാനാണ് ബോറയുടെ തീരുമാനം. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തന്റെ ഇഷ്ട ടീമായ ജര്‍മനി 1994 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയോടു തോറ്റതില്‍ മനംനൊന്താണ് ബോറ കുടിക്കാന്‍ വാങ്ങിവച്ചിരുന്ന സ്‌കോച്ച് കുഴിച്ചുമൂടിയത്. ജര്‍മനി കപ്പുയര്‍ത്തിയശേഷംമാത്രമേ മണ്ണിനടിയില്‍ നിന്ന് കുപ്പി പുറത്തെടുക്കൂയെന്ന് ബോറ ശപഥവും ചെയ്തിരുന്നു. ഇത്തവണ ജര്‍മനി ഫൈനലില്‍ കടന്നപ്പോള്‍ ഇതു സംബന്ധിച്ചവാര്‍ത്ത ഏറെ കൗതുകത്തോടെ ഫുട്‌ബോള്‍ ആരാധകര്‍ കേട്ടുനിന്നു.
















