വിത്തിന്റെ തോടു പൂര്‍ണമായി പൊട്ടാതെ വൃക്ഷം പുറത്തുവരില്ല. അതുപോലെ, ഞാനെന്ന ഭാവത്തെ പൂര്‍ണമായിക്കളയാതെ സത്തിനെ അറിയാന്‍ കഴിയില്ല. ശിഷ്യന്‍ തുടക്കത്തിലെ ആവേശംകൊണ്ടു വരുന്നതാണോ അതോ ലക്ഷ്യത്തോടുള്ള പ്രേമംകൊണ്ട് എത്തിയതാണോ എന്നും മറ്റും അറിയാന്‍ ഗുരു പല രീതികളിലും പരീക്ഷിക്കും. അതു ടെസ്റ്റുപേപ്പര്‍പോലെയാണ്. മുന്‍കൂട്ടി യാതൊരു സൂചനയും ലഭിക്കില്ല. ശിഷ്യന്റെ ക്ഷമയും ത്യാഗവും കാരുണ്യവും എത്രയുണ്ടെന്നാ പരീക്ഷിച്ചറിയേണ്ടതു ഗുരുവിന്റെ കര്‍ത്തവ്യമാണ്. ഓരോ സാഹചര്യത്തിലും അവന്‍ തളരുന്നുണ്ടോ, അവയെ അതിജീവിക്കുവാന്‍ വേണ്ട ശക്തിയുണ്ടോ എന്നും മറ്റും നോക്കേണ്ടതു ഗുരുവിന്റെ കടമയാണ്. ശിഷ്യന്‍ നാളെ ലോകത്തെ നയിക്കേണ്ടവനാണ്. അവരെ വിശ്വസിച്ച് ആയിരങ്ങളെത്തിയെന്നിരിക്കും. അവര്‍ വഞ്ചിതരാകാതിരിക്കണമെങ്കില്‍ ശിഷ്യന്‍ വേണ്ടത്ര ശക്തിയും പക്വതയും കാരുണ്യവുമുള്ളവനായിരിക്കണം. ഇതൊന്നുമില്ലാതെ വേണ്ടത്ര ആന്തരികശുദ്ധിനേടാതെ ലോകത്തിറങ്ങിയാല്‍ അതു ലോകത്തോടു കാട്ടുന്ന ഏറ്റവും വലിയ ചതിവായിരിക്കും. ലോകത്തിന്റെ രക്ഷകനാകേണ്ടവന്‍ രാക്ഷസനായി മാറും.
-മാതാ അമൃതാനന്ദമയി ദേവീ
















