പൊന്‍കുന്നം: സിപിഎം വിട്ട് പുതുതായി ബിജെപിയില്‍ അംഗമായ നാല്‍പ്പതോളം പേരെ ഉള്‍പ്പെടുത്തി നടത്തിയ യോഗം സിപിഎമ്മുകാര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചു. പനമറ്റം നാലാം മൈല്‍ പ്രദേശത്ത്് വള്ളാംപറമ്പില്‍ രാജേഷിന്റെ വീട്ടില്‍ ചേര്‍ന്ന യോഗമാണ് ഒരു പറ്റം സിപിഎം പ്രവര്‍ത്തകരെത്തി തടയാന്‍ ശ്രമിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് പോലീസ് കാവലിലാണ് ബിജെപി യോഗം നടന്നത്.
കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പനമറ്റം മേഖലയില്‍ സംഘര്‍ഷം അഴിച്ചുവിടാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. മേഖലയിലെ 25 ഓളം കുടുംബങ്ങള്‍ സിപിഎം വിട്ട് ബിജെപിയിലേയ്‌ക്ക് ചേര്‍ന്നതോടെ യോഗം അലങ്കോലപ്പെടുത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഞായറാഴ്‌ച്ച ശ്രമം നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി യോഗത്തിലേയ്‌ക്ക് തള്ളികയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
പൊന്‍കുന്നത്ത് നിന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് എം. ആര്‍. സരീഷ്‌കുമാര്‍, സെക്രട്ടറി ബി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
















