പാശ്ചാത്യദേശത്ത് സ്ത്രീയെ ആരാധിക്കുന്നതിനെപ്പറ്റി നാം കേള്‍ക്കുന്നു. അതു സാധാരണ അവളുടെ താരുണ്യത്തിനും സൗന്ദര്യത്തിനും വേണ്ടിയാണ്. ഈ മനുഷ്യന്ന് സ്ത്രീയെ ആരാധിക്കുകയെന്നുവെച്ചാല്‍, സകല സ്ത്രീകളുടെയും മുഖം ആനന്ദമയിയായ അമ്മയുടെ മുഖങ്ങള്‍, അല്ലാതെ വേറൊന്നുമില്ല എന്നാണ്. സമുദായം അടുത്തുചെല്ലാന്‍ അറയ്‌ക്കുന്ന പെണ്ണുങ്ങളുടെ കാല്‍ക്കല്‍ വീണുവണങ്ങി കേണ് ഈ വിധം പറയുന്നത് ഞാന്‍തന്നെ കണ്ടിട്ടുണ്ട്. ‘അമ്മേ, അമ്മ ഒരുരൂപത്തില്‍ തെരുവില്‍, മറ്റൊരു രൂപത്തില്‍ പ്രപഞ്ചത്തിലും, അടിയന്‍ അമ്മയെ വണങ്ങുന്നു. കൈതൊഴുന്നു’. കാമവാസന നിശ്ശേഷം നാശമടഞ്ഞ ആ ജീവിതം. സകല സ്ത്രീമുഖവും ആനന്ദമയിയും സര്‍വലോകപരിത്രാണപാരായണയുമായ ജഗദീശ്വരിയുടെ മുഖാരവിന്ദമായി രൂപം മാറി പ്രകാശിക്കുന്നതായി കണ്ടു. ഭക്ത്യാദരപൂര്‍വം വണങ്ങാന്‍ കഴിയുന്ന ഒരു ജീവിതം അതിന്റെ സധ്യതയൊന്നാലോചിച്ചു നോക്കുക. അതാണ് നമുക്ക് വേണ്ടത്. ഒരു സ്ത്രീയുടെ പിന്നിലുള്ള ചൈതന്യത്തെ വഞ്ചിക്കാന്‍ കഴിയുമെന്നു വിചാരിക്കുന്നോ? ഒരിക്കലും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അതെപ്പോഴും സ്വശക്തി പ്രകാശിപ്പിക്കുന്നു. ഒരു വീഴ്ചയും കൂടാതെ അതു വഞ്ചന വെളിവാക്കുന്നു. കാപട്യം കണ്ടെത്തുന്നു. ഒരു പിശകും പിണയാതെ ഉണ്മയുടെ ഊഷ്മാവ്, അദ്ധ്യാത്മപ്രകാശം ചാരിത്രത്തിന്റെ പവിത്രത, അതറിയുന്നു. യഥാര്‍ത്ഥമായ ആത്മജ്ഞാനം സാധിക്കണമെങ്കില്‍ അത്തരം സ്വഭാവശുദ്ധി അത്യന്താപേക്ഷിതമാണ്.
– സ്വാമി വിവേകാനന്ദന്‍
















