നോട്ടിംഗ്ഹാം: ജോ റൂട്ടും ജെയിംസ് ആന്‍ഡേഴ്സണും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നേടിയ ലോകറെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. 9ന് 298 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ 198 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ ഹ്യൂഗ്സും ആഷ്ടണ്‍ അഗറും ചേര്‍ന്ന് നേടിയ 163 റണ്‍സിന്റെ ലോകറെക്കോര്ഡാണ്റൂട്ടിനും ആന്‍ഡേഴ്സണും മുന്നില്‍ വഴിമാറിയത്. ജോ റൂട്ട് 154 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജെയിംസ് ആന്ഡേഴ്സണ് 81 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിനെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 496 റണ്‍സിന് പുറത്തായി. 39 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തിട്ടുണ്ട്. 35 റണ്‍സെടുത്ത മുരളി വിജയും 30 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 29 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. മോയീന്‍ അലി സ്വന്തം പന്തില്‍ പിടിച്ചാണ് ധവാനെ മടക്കിയത്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.
















