ഏറ്റുമാനൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തത് സ്‌കൂള്‍ അധികൃതരുടെ നിലപാട് മൂലമെന്ന് ആക്ഷേപമുയരുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം കടുവാക്കുഴിയില്‍ അലീഷ അന്ന ചാക്കോ (17) ആത്മഹത്യചെയ്ത സംഭവത്തിലാണ് ദുരൂഹതയേറുന്നത്. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീഷാ. പഠനത്തില്‍ പിറകില്‍ പോയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത ടി.സി നല്‍കിയിരുന്നു. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്ന് ഇതേ സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.
എസ്എഫ്എസ് സ്‌കൂളില്‍ നിന്നും നിര്‍ബന്ധിത ടി.സി നല്‍കിയത് മുതല്‍ അലീഷ മനോവിഷമത്തിലായിരുന്നതായി മറ്റ് കുട്ടികള്‍ പറയുന്നു. മറ്റൊരു സ്‌കൂളില്‍ 12-ാം ക്ലാസില്‍ പ്രവേശനം തരപ്പെടുത്തുക വളരെയധികം ബുദ്ധുട്ടായിരുന്നുവെന്നും ഒടുവില്‍ വന്‍ തുക ചെലവഴിച്ചാണ് അഡ്മിഷന്‍ തരപ്പെടുത്തിയതെന്നും സംസാരമുണ്ട്. എന്നാല്‍ ഈ സംഭവങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും എസ്എഫ്എസ് സ്‌കൂള്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ധിക്കാരമാണെന്നും സ്‌കൂള്‍ അധികൃതര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ആക്ഷേപമുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ചെറുപ്പം മുതല്‍ അലീഷ വല്ല്യമ്മയുടെ പരിചരണത്തിലാണ് വളര്‍ന്നത്. മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. സ്‌കൂളിന്റെ അക്കാദമിക കാര്യങ്ങള്‍ തനിക്കറിയില്ലെന്നാണ് മാനേജരായ പുരോഹിതന്‍ ജന്മഭൂമിയോട് പറഞ്ഞത്. ഇതിനിടയില്‍ ഉത്തരവാദികളായ വൈദികനും ഒരു വനിതാ അധ്യാപികയും മറ്റെവിടേക്കോ തല്‍ക്കാലം മാറി നില്‍ക്കുകയാണെന്നും ഒരു കൂട്ടം രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
കുറ്റക്കാരായവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നും ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ തെറ്റായ നടപടികള്‍ ആണ് ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ഏറ്റുമാനൂര്‍ പ്രഖണ്ഡ് കമ്മറ്റിയും സംസ്‌കൃതി സേവാസമിതിയും പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
















