സാവോപോളോ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ സഹതാരവും സുഹൃത്തുമായ ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീന ലോകകപ്പ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി ബ്രസീലിയന്‍ പ്രതിഭ നെയ്മര്‍.
കൊളംബിയയുടെ യുവാന്‍ സുനിഗയില് നിന്നേറ്റ കടുത്ത ഫൗളിനെ തുടര്‍ന്ന് നട്ടെല്ലിനു പരിക്കേറ്റ നെയ്മര്‍ക്ക് ലോകകപ്പ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. സെമിയില്‍ ജര്മ്മനിയോടു ദയനീയമായി തോറ്റ ബ്രസീല്‍ പുറത്താവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നെയ്മര്‍ അര്‍ജന്റീനയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.
‘മെസി ചരിത്രം’ കായിക ലോകത്തെ സംബന്ധിച്ച് പരമപ്രധാനം. അദ്ദേഹം അനേകം ട്രോഫികള്‍ സ്വന്തമാക്കി. ഞാന്‍ മെസിക്കുവേണ്ടി കയ്യടിക്കും. മെസി എന്റെ കൂട്ടുകാരനാണ്. ടീംമേറ്റും. എല്ലാ ആശംസകളും നേരുന്നു, നെയ്മര്‍ പറഞ്ഞു. എനിക്ക് ദൈവാനുഗ്രഹമുണ്ട്. നട്ടെല്ലിലെ പൊട്ടല്‍ രണ്ടു സെന്റീമീറ്റര്‍ കൂടി മുകളിലായിരുന്നെങ്കില്‍ ജീവിതകാലംമുഴുവന്‍ ഞാന്‍ തളര്‍ന്നു കിടന്നേനെ, പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നെയ്മര്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു.
കരിയറിന്റെ നിര്‍ണായക സമയത്താണ് ദുരന്തമുണ്ടായത്. അതംഗീകരിക്കാനാവില്ല. സുനിഗയ്ക്കുവേണ്ടി സംസാരിക്കാന്‍ സാധിക്കില്ല. അയാള്‍ മനപ്പൂര്‍വ്വമല്ല അതു ചെയ്തതെന്നു പറയാനും പറ്റില്ല. ഫുട്ബോള്‍ അറിയുന്ന എല്ലാവര്ക്കും മനസിലാവും അതൊരു സാധാരണ ഇടിയല്ലെന്ന്, നെയ്മര്‍ ചൂണ്ടിക്കാട്ടി.
തീര്‍ച്ചയായും സുനിഗയ്ക്ക് ക്ഷമ നല്‍കും. അയാളോട് ഒരു ദേഷ്യവുമില്ല. സംഭവത്തിന്റെ പിറ്റേന്നാള്‍ എന്നെ വിളിച്ച സുനിഗ ബോധപൂര്‍വ്വമല്ല അതു ചെയ്തതെന്നു പറഞ്ഞു. മാപ്പും ചോദിച്ചു.
ഇതു നല്ലസമയമല്ല. എന്നാലും ഇവിടെ തിരിച്ചെത്താനായതില്‍ സന്തോഷം. കൂട്ടുകാരയെല്ലാം വീണ്ടും കാണാന്‍ കഴിഞ്ഞല്ലോ. നമ്മള് തുടങ്ങിവച്ചു അതു ഭംഗിയായി അവസാനിപ്പിക്കണം എന്നവരോട് പറഞ്ഞു.
അഭിമാനത്തോടെ തന്നെ നമ്മള് ലോകകപ്പില്‍ നിന്നു വിടപറയും. സ്വന്തം രാജ്യത്ത് ചാമ്പ്യനാവാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ബ്രസീല്‍ നന്നായികളിച്ചില്ല. പാതിയില്‍ അടിതെറ്റിവീണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
















