ബ്രസീലിയ: ലോകകപ്പില്‍ ഇന്നു പരാജിതരുടെ മാറ്റുരയ്‌ക്കല്‍. ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ആതിഥേയരായ ബ്രസീലും കരുത്തരായ ഹോളണ്ടും. രാത്രി 1.30നാണ് മത്സരം. നട്ടെല്ലിന് പരിക്കേറ്റു പുറത്തായ സൂപ്പര്‍താരം നെയ്‌മര്‍ ബ്രസീലിന് ഊര്‍ജ്ജം പകരാന്‍ ഇന്ന് സ്റ്റേഡിയത്തിലുണ്ടാവും.
സെമിഫൈനലില്‍ ജര്‍മ്മനിയോടേറ്റ ദയനീയ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന് മുന്‍പാണ് ബ്രസീല്‍ മറ്റൊരങ്കത്തിന് കച്ചമുറുക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ തോല്‍വി സമ്മാനിച്ച വേദനയും നടക്കവുമാവും ഹോളണ്ടിനെക്കാള്‍ ബ്രസീലിനെ വേട്ടയാടുക. അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടുവരെയെത്തിച്ച പോരാട്ടവീര്യത്തിന്റെ നല്ല സ്മരണകളുമായിട്ടാണ് ഓറഞ്ച്പട പന്തു തട്ടാന്‍ വരുന്നത്. ഇത്തവണയും സമ്മര്‍ദ്ദം ബ്രസീലിനുമേല്‍ തന്നെ. സ്വന്തം ഗ്യാലറിക്കുമുന്നില്‍ മൂന്നാം സ്ഥാനവുമായെങ്കിലും അവര്‍ക്ക് കരകയറണം. മാനംരക്ഷിക്കാന്‍ ജയംകൂടിയേ തീരുവെന്നു സാരം.
സസ്‌പെന്‍ഷന്‍ കാരണം സെമിയില്‍ പുറത്തിരുന്ന ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഇന്ന് ബ്രസീലിനു തുണയായുണ്ടാവും. കാനറികള്‍ക്കുവേണ്ടി ഡിഫന്റര്‍ മാക്‌സ്‌വെല്ലും ഗോളി ജെഫേഴ്‌സണും ലോകകപ്പില്‍ അരങ്ങേറിയേക്കും. മൈക്കോണും മാഴ്‌സലോയും കരയ്‌ക്കിരിക്കാനാണ് സാധ്യത. മധ്യനിരയില്‍ ബെര്‍ണാഡിന്റെ സ്ഥാനത്ത് ഹെര്‍നാനസ് വന്നേക്കും.
അതേസമയം, മൂന്നാമനെ അവരോധിക്കാന്‍ ഉദ്ദേശിച്ചുള്ള മത്സരത്തില്‍ താത്പര്യമില്ലെന്ന് ഇതിനകം വ്യക്തമാക്കിയ ഹോളണ്ട് കോച്ച് ലൂയി വാന്‍ഗാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കരയ്‌ക്കിരുന്നവര്‍ക്ക് അവസരം ഒരുങ്ങും.
ഇരുടീമുകളും ഇതിനു മുന്‍പ് 11 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് വീതം വിജയങ്ങളും അഞ്ച് സമനിലയുമായി തുല്യത പാലിച്ചു. ലോകകപ്പില്‍ മുഖാമുഖം വന്നത് അഞ്ചു വട്ടം. ഇരുടീമുകളും 2 വീതം ജയങ്ങള്‍ വീതം പങ്കിട്ടു. ഒരെണ്ണത്തില്‍ സന്ധിചെയ്തു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ ഹോളണ്ട് 2-1ന് പരാജയപ്പെടുത്തിയിരുന്നു.
ജയത്തിലൂടെ ആരാധകരെ സാന്ത്വനിപ്പിക്കാന്‍ മഞ്ഞക്കിൡളും കോച്ച് വാന്‍ ഗാലിന് സന്തോഷപൂര്‍ണമായ യാത്രയയ്‌പ്പ് നല്‍കാന്‍ ഹോളണ്ടും ലക്ഷ്യമിടുമ്പോള്‍ മത്സരാധിക്യമേറും.
















