ഗുവഹാത്തി: തലക്കെട്ടുകണ്ടു ഞെട്ടേണ്ട. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനി അര്‍ജന്റീനയെ കീഴടക്കിയാല്‍ പുതുല്‍ ബോറ സ്വന്തം വീട്ടുമുറ്റം കുഴിക്കും. അര്‍ജന്റീനിയന്‍ ആരാധകരുടെ കിനാവുകളെ കുഴിച്ചുമൂടാനല്ല ഒരു സ്വപ്‌നം വീണ്ടെടുക്കാന്‍ വേണ്ടിയാണ് ആ അധ്വാനം. ഇതൊരു അസമീസ് കഥ. അതിന്റെ വിത്തുകള്‍ പാകപ്പെട്ടത് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പൊരു ലോകകപ്പ് കാലത്തും, കൃത്യം പറഞ്ഞാല്‍ 1994 ജൂലൈ 10ന്.
കര്‍ബി അങ്‌ലോങ് ജില്ലയിലെ ദിഫു നഗരവാസിയായ പുതുല്‍ ബോറ കടുത്ത ജര്‍മന്‍ ആരാധകനായിരുന്നു. ഇന്നും അതിനു മാറ്റമൊന്നുമില്ല. അത്തവണ ലോകകപ്പ് അമേരിക്കയിലാണ് അരങ്ങേറിയത്, ബോറ കളിപ്രാന്ത് തലയ്‌ക്കുപിടിച്ച് അലഞ്ഞകാലം. സുഹൃത്തുക്കളിലും ബന്ധുക്കളിലും ഭൂരിഭാഗം പേരും അര്‍ജന്റീനയ്‌ക്കും ബ്രസീലിനുമൊക്കെവേണ്ടി ആര്‍ത്തുവിളിച്ചപ്പോള്‍ ബോറയുടെ മനസ് ലോതര്‍ മത്തേവൂസിന്റെ നേതൃത്വത്തിലെ ആരെയും കടത്തിവെട്ടാന്‍ ശേഷിയുള്ള ജര്‍മന്‍ പടയെ വലയംചെയ്തു.
ക്വാര്‍ട്ടറില്‍ ജര്‍മ്മനിക്കു മുന്നില്‍ വന്നത് അത്ര പെരുമയൊന്നുമില്ലാത്ത ബള്‍ഗേറിയ. ജര്‍മനിയുടെ ജയം ആഘോഷിക്കാന്‍ 630 രൂപ മുടക്കി കൊല്‍ക്കത്തയില്‍ നിന്നും ഒരു ബോട്ടില്‍ പാസ്‌പോര്‍ട്ട് സ്‌കോച്ച് വിസ്‌കി ബോറ വാങ്ങിവച്ചു. എന്നാല്‍ ബോറയുടെ ഹൃദയം പ്രിയ ടീം തകര്‍ത്തു. ബള്‍ഗേറിയയോടു 2-1ന് തോറ്റു ജര്‍മന്‍ അതികായര്‍ പുറത്തായി. സങ്കടം താങ്ങാനാകാതെ, ബോറ കുടിക്കാന്‍ വാങ്ങിയ സ്‌കോച്ച് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. ജര്‍മനി കിരീടം ചൂടിയാല്‍ മാത്രമേ ആ കുപ്പി തൊടുകയുള്ളുവെന്ന് ദൃഢപ്രതിജ്ഞയെടുത്തു. വര്‍ഷങ്ങളോളം അദ്ദേഹം വാക്കുപാലിച്ചു.
ഇപ്പോഴിതാ മണ്ണിനടിയിലുള്ള തന്റെ ഇഷ്ടപാനീയത്തെ പുറംലോകത്ത് തിരിച്ചെത്തിക്കാന്‍ ബോറയ്‌ക്ക് അവസരം ഒരുങ്ങിയിരിക്കുന്നു. കലാശക്കളത്തില്‍ ജര്‍മ്മനി നിറഞ്ഞാടിയാല്‍ പഴകി വീര്യമേറിയ കുപ്പിയെടുത്ത് ബോറ ആഘോഷിക്കും. ജര്‍മനി തോറ്റാല്‍ വീണ്ടും കാത്തിരിപ്പിന്റെ കാലം. ബ്രസീലിയന്‍ ലോകകപ്പ് സ്വസ്ഥമായി വീക്ഷിക്കാന്‍ പവലിയന്‍ കെട്ടിയിട്ടുണ്ട് ബോറയുടെ വീട്ടില്‍. കൂട്ടുകാരെല്ലാം അവിടെ കളികാണാന്‍ എത്തും. മണ്ണില്‍ താഴ്‌ത്തിയ സ്‌കോച്ചെടുത്ത് ലേലം ചെയ്യണമെന്നു അവരില്‍ ചിലരുടെ പക്ഷം. അതിനു ബോറ വഴങ്ങുമോയെന്നു കണ്ടറിയണം.
















