വൈക്കം: വൈക്കത്ത് അപകട പരമ്പര തുടരുന്നു. ഇന്നലെ ചാലപ്പറമ്പ് വളവില്‍ കെഎസ്ആര്‍ടിസി ബസ് അമിത വേഗതയില്‍ വന്ന ടിപ്പറുമായി കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 11-നുണ്ടായ അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ പെരുമ്പളം സ്വദേശി സത്യരാജ് (30)ന് സാരമായി പരുക്കേറ്റു.
അപകടത്തില്‍ യാത്രക്കാര്‍ക്കും പരിക്കില്ല. ബുധനാഴ്ച വളഞ്ഞമ്പലം സി.കെ.എം സ്‌കൂളിനു സമീപത്തും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടിരുന്നു. ഇതില്‍ 25ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ടിപ്പറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ചില്ല് അപകടത്തില്‍ നിലംപൊത്തി. അപകടത്തെത്തുടര്‍ന്ന് 20 മിനിറ്റോളം തലയോലപ്പറമ്പ്-വൈക്കം റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്നു അയ്യര്‍കുളങ്ങര റോഡുവഴി പോലീസ് ഗതാഗതം തിരിച്ചുവിട്ടു.
അപകടം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട ടിപ്പര്‍ മാറ്റിയത്. ഇതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് മാറ്റാന്‍ ഡ്രൈവര്‍ ശ്രമം നടത്തിയെങ്കിലും ടയര്‍ പൊട്ടിയത് പ്രശ്‌നം സങ്കീര്‍ണമാക്കി.
















