ബെലൊ ഹോറിസോന്റെ: ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ബ്രസീലിയന്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കോളാരി ഏറ്റെടുത്തു. സൂപ്പര്‍താരം നെയ്‌മറുടെ അഭാവമല്ല തോല്‍വിക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ ദുരന്തത്തിന് ഞാനാണ് ഉത്തരവാദി. എന്റേതായിരുന്നു എല്ലാ തീരുമാനങ്ങളും. ടീം ലൈനപ്പ് തീരുമാനിച്ചതും ഞാനാണ്. ആദ്യഗോള്‍ വീണതോടെ ടീമിന്റെ താളം തെറ്റി. പിന്നീട് ഒന്നിന് പിറകെ മറ്റൊന്നായി ഗോളുകള്‍ വീണുകൊണ്ടിരുന്നു. ഇതൊന്നും മാറ്റിമറിക്കാന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയതുമില്ല, സ്‌കോളാരി പറഞ്ഞു.
ഇതെന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ്. ഈ നാണംകെട്ട തോല്‍വിക്ക് ഞാന്‍ ബ്രസീലിന്റെ ആരാധകരോട് മാപ്പു ചോദിക്കുന്നു. പരാജയത്തിലും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ അവരോട് അളവറ്റ നന്ദിയുണ്ട്. സമാനതകളില്ലാത്ത തോല്‍വിയാണ് ബ്രസീലിന് ഏറ്റുവാങ്ങേണ്ടിവന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഈ തോല്‍വിയുടെ ആഘാതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ പഠിച്ചുവരികയാണ്. ശനിയാഴ്ചത്തെ ലൂസേഴ്‌സ് ഫൈനലാകുമ്പൊഴേയ്‌ക്കും ടീം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
നെയ്‌മര്‍ കളിക്കാത്തതു കൊണ്ടല്ല ഞങ്ങള്‍ തോറ്റത്. നെയ്‌മര്‍ ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നുവെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. നെയ്‌മര്‍ ഒരു സ്‌ട്രൈക്കറാണ്. ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ സ്‌ട്രൈക്കറായ നെയ്‌മര്‍ക്ക് കഴിയുമായിരുന്നില്ല. ജര്‍മനി അവര്‍ക്ക് കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചു, സ്‌കോളാരി പറഞ്ഞു.
















