ബെലോ ഹൊറിസോന്റെ: ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന് ബ്രസീല്‍ പരാജയപ്പെട്ട ദിവസത്തെ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമെന്ന് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കൊളാരി വിശേഷിപ്പിച്ചു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
മത്സരം സംബന്ധിച്ച നിര്‍ണയങ്ങള്‍ കൈക്കൊണ്ടത് താനാണ്. അതിനാല്‍ താന്‍ തന്നെയാണ് മത്സരഫലത്തിന്റെ ഉത്തരവാദിയും- സ്കൊളാരി പറഞ്ഞു. ബ്രസീലിന്റെത് ലോകകപ്പിലെ ഒരു ടീമിന് ഏല്‍ക്കേണ്ടി വരുന്ന ഏറ്റവും വലിയ പരാജയമായിരുന്നു. മത്സരഫലത്തെ മറന്നുകളയാന്‍ ബ്രസീലിയന്‍ ആരാധകരോട് സ്കൊളാരി ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണച്ച എല്ലാ ആരാധകരോടും നന്ദി പറയുന്നെന്നും സ്കൊളാരി പറഞ്ഞു.
ജര്‍മ്മനി അവരുടെ മികച്ച കളി തന്നെ പുറത്തെടുത്തു. തങ്ങളാകട്ടെ ഏറ്റവും മോശം കളിയാണ് പുറത്തെടുത്തത്. ശക്തമായ ടീമിനോടാണ് പരാജയപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും മോശം ദിവസം ഇതാകാനാണ് സാധ്യത. ചിലപ്പോള്‍ ഈ തോല്‍വിയുടെ പേരിലായിരിക്കും ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ താന്‍ അറിയപ്പെടുകയെന്നും സ്കൊളാരി മത്സരശേഷം പറഞ്ഞു.
ജൊക്കെയിം ലോയുടെ ശീക്ഷണത്തില്‍ ഇറങ്ങിയ ജര്‍മ്മന്‍ പട ആദ്യ പകുതിയില്‍ അഞ്ച് ഗോളാണ് നേടിയത്. ലോകകപ്പില്‍ ആതിഥേയത്വം അരുളിയ ഒരു ടീമും ആദ്യ പകുതിയുടെ സ്പെല്ലില് ഇത്രയധികം ഗോള്‍ വാങ്ങിച്ചിട്ടില്ല. മുള്ളര്‍ പതിനൊന്നാം മിനിറ്റില്‍ നേടിയ ഗോളോടെ തങ്ങളുടെ നിര ഭയപ്പെടുകയും താളം തെറ്റുകയും ചെയ്തെന്ന് മുന്‍ ചെല്‍സി കോച്ച് കൂടിയായ സ്കൊളാരി അംഗീകരിച്ചു.
ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ വന്നു കൊണ്ടേയിരുന്നു. ആദ്യത്തെ ഗോളില്‍ തന്നെ നിഷ്പ്രഭരായ തങ്ങള്‍ക്ക് അത് നോക്കിനില്ക്കാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു. ഈ ഒരു പരാജയം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല. അടുത്ത മത്സരത്തിനായി പ്രയത്നിക്കും. എല്ലായിടത്തും നടപ്പാക്കിയതു പോലെ മികച്ച രീതിയിലാണ് താന്‍ ജോലി ചെയ്തത്. ഒരു പരാജയമുണ്ടായി, 18 മാസത്തിനിടയിലെ മൂന്നാമത്തേതും- സ്കൊളാരി വ്യക്തമാക്കി.
തങ്ങള്‍ക്ക് താളം തെറ്റി, അത് സാധാരണയല്ല എന്നാല്‍ സംഭവിച്ചു പോയെന്നും ബ്രസീല്‍ കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: