ബെലോ ഹോറിസോന്റെ: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഏറ്റുമുട്ടുന്നത് അഞ്ച് തവണ ലോകചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീലും മൂന്നുതവണ കിരീടം സ്വന്തമാക്കിയ യൂറോപ്യന്‍ കരുത്തര്‍ ജര്‍മ്മനിയും.
ബ്രസീലിന്റെ സൂപ്പര്‍താരമായ നെയ്‌മറുടെ അഭാവമാണ് ആദ്യ സെമിഫൈനലിനെ ശ്രദ്ധേയമാക്കുന്നത്. നെയ്‌മര്‍ക്ക് പുറമെ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെയും അഭാവം കാനറി നിരക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്.
ഇതിനിടെ, ബ്രസീലിയന്‍ നായകന്‍ തിയാഗോ സില്‍വയ്‌ക്ക് സെമിഫൈനലില്‍ പുറത്തിരിക്കേണ്ടിവരുന്നതൊഴിവാക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച രേഖകള്‍ അച്ചടക്കസമിതി പരിശോധിച്ചുവരികയാണെന്ന് ഫിഫ സ്ഥിരീകരിച്ചു. പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഓരോ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് തിയാഗോ സില്‍വ അടുത്ത മത്സരത്തില്‍നിന്ന് പുറത്തായത്. ക്വാര്‍ട്ടറിലെ മഞ്ഞക്കാര്‍ഡിനെതിരെയാണ് ബ്രസീല്‍ പരാതി നല്‍കിയിട്ടുള്ളത്.
കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ നെയ്‌മറുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കുമേല്‍ ഇടത്തീയായി മാറിയത്. മധ്യനിരയിലും വിങ്ങുകളിലും മുന്നേറ്റത്തിലും നിറഞ്ഞു കളിക്കുന്ന നെയ്‌മറില്ലെങ്കില്‍ ബ്രസീല്‍ തീര്‍ത്തും ദുര്‍ബലര്‍ തന്നെയാണ്.
കഴിഞ്ഞ മത്സരങ്ങൡലെല്ലാം എതിരാളികളുടെ കടുത്ത ടാക്ലിങ്ങിനെ അതിജീവിച്ച് ടീമിനെ ഏറെക്കുറെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയ നെയ്‌മറിന്റെ അഭാവത്തില്‍ ഓസ്‌കറിന് മുന്നിലായി ജോ, ഫ്രഡ്, ഹള്‍ക്ക് എന്നിവരെയായിരിക്കും കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി വിന്യസിക്കുക. മധ്യനിരയില്‍ ഓസ്‌കറിനൊപ്പം ലൂയിസ് ഗുസ്താവോ, ഫെര്‍ണാണ്ടീഞ്ഞോ, വില്ല്യന്‍ എന്നിവര്‍ അണിനിരക്കും. എന്നാല്‍ മധ്യനിരതാരങ്ങളായ പൗളീഞ്ഞൊ, ഫെര്‍ണാണ്ടീഞ്ഞോ എന്നിവര്‍ ഫോമിലേക്കുയരാത്തത് ബ്രസീലിന് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. പ്രതിരോധത്തില്‍ കഴിഞ്ഞ മത്സരത്തില്‍ കരക്കിരുന്ന ഡാനി ആല്‍വസ് കളത്തിലിറങ്ങും. കഴിഞ്ഞ മത്സരത്തില്‍ വലതുവിംഗില്‍ക്കൂടി കുതിച്ചുകയറി കൊളംബിയയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയ മെയ്‌ക്കോണ്‍ തന്നെയായിരിക്കും ഇന്നും കളത്തിലിറങ്ങുക. ഇരുവര്‍ക്കും പുറമെ മാഴ്‌സെലോ കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 35 വാര അകലെ നിന്ന് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ ഡേവിഡ് ലൂയിസ് എന്നിവരും പ്രതിരോധം കാക്കാനിറങ്ങും. ഗോള്‍വലക്ക് മുന്നില്‍ ജൂലിയോ സെസാര്‍ എന്ന അതുല്യ പ്രതിഭയും ഇറങ്ങുന്നതോടെ ജര്‍മ്മനിക്ക് കാനറികളെ കീഴടക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരുമെന്ന് ഉറപ്പാണ്.
മറുവശത്ത് ഏറെക്കുറെ സമ്പൂര്‍ണമാണ് ജര്‍മ്മന്‍ പട. ബ്രസീലിനെ അപേക്ഷിച്ച് കരുത്തുറ്റ മധ്യനിരയാണ് ജര്‍മ്മന്‍ ടീമിന്റ ശക്തി. ഒപ്പം കഴിഞ്ഞ മത്സരത്തില്‍ കരയ്‌ക്കിരുന്ന മരിയോ ഗോട്‌സെ ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത. ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍, സമി ഖദീര, ടോണി ക്രൂസ്, മെസൂട്ട് ഓസില്‍ എന്നിവര്‍ മധ്യനിരയില്‍ നിറയുമ്പോള്‍ മുന്നേറ്റത്തില്‍ മരിയോ ഗോട്‌സെക്കും മുള്ളര്‍ക്കും അനായാസം പന്തെത്തും. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ തോമസ് മുള്ളര്‍ക്ക് പിന്നീടുള്ള മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ജര്‍മ്മന്‍ കോച്ച് ജോക്കിം ല്യുവിനെ അലട്ടുന്ന പ്രശ്‌നം. പ്രതിരോധം കാക്കാന്‍ ജെറോം ബോട്ടെങും ഹമ്മല്‍സും ഹൗവേഡ്‌സുമടങ്ങിയ പ്രതിരോധവും മികച്ചതാണ്.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും കളം നിറയും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോളടിച്ച ഹമ്മല്‍സ് നിര്‍ണ്ണായകമായ രണ്ടാം മത്സരത്തിലാണ് വിജയഗോള്‍ നേടുന്നത്. ബാറിനു കീഴില്‍ മാനുവല്‍ ന്യുയറും മികച്ച പ്രകടനം തുടരുമ്പോള്‍ ജര്‍മ്മന്‍ പട ഏതു ടീമിനും വെല്ലുവിളിയാവുമെന്ന് തീര്‍ച്ച. എന്തായാലും വിജയക്കുതിപ്പ് തുടരാന്‍ ബ്രസീലും ചരിത്രം തിരുത്താന്‍ ജര്‍മ്മന്‍ പോരാളികളും ഇറങ്ങുന്നതോടെ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.
















